ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റില്‍ മുസ്ലിം പളളിയില്‍ വെടിവെപ്പ് നടത്തിയ അക്രമി ദൃശ്യങ്ങള്‍ ലൈവായി ഫെയ്സ്ബുക്കില്‍ സ്ട്രീം ചെയ്തതായി റിപ്പോര്‍ട്ട്. ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദ് അല്‍ നൂറില്‍ അക്രമി വെടിവെക്കുന്നതും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പ്രചരിച്ചു.
അക്രമിയുടെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരുന്ന ഗോപ്രോയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് നിഗമനം. ‘വരു, പാര്‍ട്ടി ആരംഭിക്കാം’ എന്ന് പറഞ്ഞാണ് അക്രമി ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലൂടെ വരുന്നത്. പളളിയിലേക്ക് ഇരച്ചുകയറി ഇയാള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അക്രമം നടത്തിയതിന് ശേഷം ഒരു വാഹനത്തില്‍ അക്രമി രക്ഷപ്പെടുന്നിടത്താണ് 17 മിനുട്ട് നീളുന്ന വീഡിയോ അവസാനിക്കുന്നത്.
നിരവധി പേര് മുന്നില്‍ ഉണ്ടായിരുന്നത് കൊണ്ട് ലക്ഷ്യം വെക്കേണ്ടി വന്നില്ലെന്ന് അക്രമി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന് ന്യൂസിലന്റെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ നീക്കാൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്കു സമീപമുണ്ടായിരുന്നു. എന്നാൽ തങ്ങൾ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തു. എത്ര പേര് കൊല്ലപ്പെട്ടുവെന്ന ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.