ഒരു വര്‍ഷക്കാലം നീളുന്ന പ്രതീക്ഷകളോടെ ലോകം പുതുവര്‍ഷത്തെ വരവേറ്റു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യങ്ങള്‍ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുമ്പോള്‍ പ്രതീക്ഷയുടെ പുതിയ പുലരിയെ വരവേല്‍ക്കുന്ന ആവേശത്തിലായിരുന്നു ലോകം.

കേരളത്തെ സംബന്ധിച്ച് നഷ്ടങ്ങളുടെ വര്‍ഷമാണ് 2018 എങ്കിലും മഹാപ്രളയത്തില്‍ അതിജീവിച്ചതിന്റെ ഊര്‍ജ്ജവുമായാണ് 2019നെ വരവേല്‍ക്കുന്നത്. ദുരിതങ്ങളുടെ ഇടയിലൂടെ രക്ഷയുടെ കൈത്താങ്ങായി മാറിയ പലരും പ്രതീക്ഷകള്‍ നല്‍കിയ വര്‍ഷമാണ് കടന്നുപോയത്.

പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് 2019 നു സ്വാഗതമോതി. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലോകമൊന്നാകെ 2018നോട് വിട പറഞ്ഞു. എങ്ങും പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷപ്പിറവി. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ കരിമരുന്ന് പ്രയോഗം ഒരുക്കിയാണ് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 2019നെ സ്വീകരിച്ചത്. ബാങ്കോക്കിലെ ചാവോ പ്രയ നദീതീരത്തായിരുന്നു തായ്‍ലൻഡിന്റെ ആഘോഷങ്ങള്‍. സംഗീത സാംസ്കാരിക പരിപാടികളുമായാണ് തീരം പുതുവര്‍ഷത്തെ വരവേറ്റത്.

പരമ്പരാഗതമായ മണിനാദത്തിന്റെ അകമ്പടിയിലായിരുന്നു ദക്ഷിണ കൊറിയയില്‍ ആഘോഷങ്ങള്‍. ‘പ്യോങ്യാങ്ങില്‍ ഒരുക്കിയ ഫയര്‍വര്‍ക്സുകളോടെയാണ് ഉത്തരകൊറിയ 2019നെ സ്വീകരിച്ചത്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിന്റെ ആശംസകളും ആഘോഷങ്ങള്‍ക്കൊപ്പമെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook