/indian-express-malayalam/media/media_files/uploads/2022/09/jean-luc-godard.jpg)
പാരിസ്: ഫ്രഞ്ച് നവതരംഗസിനിമയുടെ തലതൊട്ടപ്പന്‍ എന്ന് കരുതപ്പെടുന്ന ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസ്സായിരുന്നു. ഗൊ​ദാർദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് അദ്ദേഹത്തിന്റെ നിയമോപദേശകൻ പാട്രിക് ജെന്നെറെറ്റ് സ്ഥിരീകരിച്ചു. അസിസ്റ്റഡ് സൂയിസൈഡ്, പാസ്സീവ് യുത്തനേസിയ എന്നിവ സ്വിറ്റ്സർലൻഡിൽ നിയമവിധേയമായ കാര്യമാണ്. മെഡിക്കൽ റിപ്പോർട്ടനുസരിച്ച് ഒന്നിലധികം അസുഖങ്ങൾ ബാധിച്ചതിനാൽ സ്വമേധയാ മരണം വരിക്കുന്നതിന് ഗൊദാർഡ് സ്വിറ്റ്സർലൻഡിൽ നിയമസഹായം തേടുകയായിരുന്നുവെന്ന് പാട്രിക് ജെന്നെറെറ്റ് വ്യക്തമാക്കി.
'ബ്രെത്ത്ലെസ്സ്', 'കണ്‍റെമ്പ്റ്റ്' തുടങ്ങിയ ക്ലാസിക്ക് സിനിമകള്‍ക്ക് ലോകത്തിനു സമ്മാനിച്ച സംവിധായകനായിരുന്നു. 'കഹിയെര്‍സ് ദു സിനിമ' എന്ന ഫ്രഞ്ച് മാസികയിലെ സിനിമാ നിരൂപകനായി തുടക്കം. 'ബ്രെത്ത്‌ലെസ്' ആദ്യ ചിത്രം. 'എ വുമൺ ഈസ് എ വുമൺ' (1969) ആദ്യത്തെ വർണ ചിത്രം.
1960-ല്‍ സ്ഥാപിതമായ പരാമ്പരാഗത രീതികള്‍ ലംഘിച്ച ഗൊദാര്ദ് തന്‍റെ സിനിമകളിലെ ഹാന്‍ഡ്ഹെല്‍ഡ് ക്യാമറ വര്‍ക്ക്, ജമ്പ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവയിലൂടെ ഒരു പുതിയ ചലച്ചിത്ര ഭാഷയ്ക്ക് തുടക്കമിട്ടു.
Read Here: ഫ്രഞ്ച് ന്യൂവേവ്; പ്രേക്ഷകനെ ജ്ഞാനസ്നാനം ചെയ്യിച്ച സിനിമാ തരംഗം
മുന്‍ധാരണകളെയും മുന്‍പതിവുകളെയും കാറ്റില്‍ പറത്തിയ സംവിധായകന്‍; ഗോദാര്‍ദിനെ ഓര്‍ത്ത് അടൂര്‍
"സിനിമയുടെ വ്യാകരണം തന്നെ മാറ്റി മറിച്ച ആളാണ് ഗോദാര്‍ദ്. സിനിമ എന്ന മാധ്യമത്തില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. എല്ലാ മുന്‍ധാരണകളെയും മുന്‍പതിവുകളെയും ഒക്കെ തെറ്റിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകള്‍ പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തിയത്, പുതിയ പുതിയ സൗന്ദര്യശാസ്ത്രം സിനിമയിലേക്ക് എഴുതി ചേര്‍ക്കുകയും ചെയ്തു.
സിനിമയില്‍ മുഴുവന്‍ ജീവിതവും ജീവിച്ച ഒരാളാണ് അദ്ദേഹം എന്ന് ഞാന്‍ പറയും. കാരണം അദ്ദേഹം 'കഹിയേര്‍സ് ദു സിനിമ'യില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം അദ്ദേഹം ഒരു അറിയപ്പെടുന്ന നിരൂപകനായിരുന്നു. ആദ്യ സിനിമ 'ബ്രെത്ത്ലെസ്സ്' തന്നെ അന്ന് വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള എല്ലാ സിനിമകളെയും പിന്നിലാക്കിക്കൊണ്ടുള്ള ചലച്ചിത്ര ശൈലി ആവിഷ്കരിച്ച സിനിമയായിരുന്നു. ഒരു പ്രധാന സംഗതി അദ്ദേഹം ചെയ്തത് സിനിമയിലെ കഥാപാത്രം നമ്മളോട് നേരിട്ട് സംസാരിക്കുക, അതിലെ നൈരന്തര്യം ചോദ്യം ചെയ്യുക, അത് പോലെ പുതിയ കാര്യങ്ങള്‍ ഒക്കെ ചെയ്തു. അതിനെ തുടര്‍ന്ന് വീഡിയോ വന്നപ്പോള്‍ അതിലേക്ക് അദ്ദേഹം പ്രവര്‍ത്തനം മാറ്റി. വീഡിയോയുടെ സാധ്യതയെപ്പറ്റിയുള്ള അന്വേഷണമായി പിന്നീട്. മരണം വരെ, എത്രയോ വര്‍ഷങ്ങള്‍ ആയിട്ട് അദ്ദേഹം സിനിമയുടെ രംഗത്തെ പുതിയ പുതിയ കാര്യങ്ങള്‍, കണ്ടെത്തലുകള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു മഹാ പ്രതിഭയായിരുന്നു,"സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.