/indian-express-malayalam/media/media_files/uploads/2021/05/Palanivel-Thiagarajan.jpg)
ചെന്നൈ. "നല്‍കാനുള്ള പണം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണം. കടമകളും ചുമതലകളും നിര്‍വഹിക്കാന്‍ കേന്ദ്രം തയാറാവണം. ഡല്‍ഹിയില്‍ ഇരുന്ന് തമിഴ്നാട്ടിലെ ജനങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അധികാരം വിട്ടുനല്‍കുക എന്നതാണ് ഭരണത്തിന്റെ അടിസ്ഥാനപരമായ കാര്യം," കേന്ദ്രത്തിനെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത് മറ്റാരുമല്ല, തമിഴ്നാട്ടില്‍ അധികാരത്തിലേറിയ എം.കെ.സ്റ്റാലിന്‍ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന പളനിവേല്‍ ത്യാഗരാജന്‍ എന്ന പിടിആര്‍ ആണ്.
തമിഴ്നാട് മന്ത്രിസഭയിലേക്ക് സ്റ്റാലിനൊപ്പം എത്തിയ പിടിആർ എന്ന അമ്പത്തിയഞ്ചുകാരന്റെ ചുവടുകള്‍ മറ്റ് രാഷ്ട്രീയക്കാര്‍ക്ക് സമാനമല്ല എന്നാണ് അദ്ദേഹത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഒരു സംസ്ഥാനത്തിന് ഏറ്റവും ആവശ്യം സാമ്പത്തിക ഭദ്രതയാണ്. രണ്ടാമത് അത് നന്നായി കൈകാര്യം ചെയ്യാന്‍ മികവുള്ളൊരാളും. പിടിആറിന്റെ വിദ്യാഭ്യാസ യോഗ്യതകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ കൈവശം ധനകാര്യം ഭദ്രമാണെന്ന് ഉറപ്പിക്കുന്നതാണ്.
എന്‍ജീനിറിങ് ബിരുദം എന്‍ഐടി ട്രിച്ചിയില്‍. ഉപരിപഠനം സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍, തുടര്‍ന്ന് മസാച്ചസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ധനകാര്യത്തില്‍ എംബിഎയും നേടി.
1987ല്‍ ഇന്ത്യവിട്ട അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്നത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പഠനവും ജോലിയുമെല്ലാം അമേരിക്കന്‍ മണ്ണില്‍ തന്നെ. സഹപാഠിയെ വിവാഹവും കഴിച്ചു. 2011 മുതല്‍ നാല് വര്‍ഷം സിംഗപൂരില്‍ ഉയര്‍ന്ന ബാങ്ക് ഉദ്യോഗം.
Also Read: ശബരിമലയിൽ വിഗ്രഹം സമർപ്പിച്ച കുടുംബത്തിൽ നിന്ന് തമിഴ്നാട് മന്ത്രി
പിടിആറിനെ സംബന്ധിച്ച രാഷ്ട്രീയം പുതിയ അനുഭവമല്ല, കുടുംബപരമായി രാഷ്ട്രീയ ബന്ധത്തിന്റെ തുടർകണ്ണിയാണ് അദ്ദേഹം. മൂന്ന് തലമുറയായി രാഷ്ട്രീയത്തിൽ സജീമാണ് അദ്ദേഹത്തിന്റെ കുടുംബം. 1930 കളിൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായിരുന്ന പിടിആറിന്റെ മുത്തച്ഛൻ പി.ടി.രാജൻ അച്ഛൻ പിടിആർ പളനിവേൽ രാജനും രാഷ്ട്രീയകളരയിൽ പയറ്റിയതാണ്. ഡിഎംകെ മന്ത്രിയായിയിരുന്നു അച്ഛൻ. ആ പാരമ്പര്യം പിന്തുടർന്നാണ് പിടിആറും രാഷ്ട്രീയത്തിലേക്ക് വന്നത്. മധുര സെൻട്രലിൽ നിന്ന് രണ്ടാം തവണ ജയിക്കുമ്പോൾ പിടിആറിന്റെ ഭൂരിപക്ഷം 34,176 വോട്ടാണ്. തുടർച്ചയായ രണ്ടാം വിജയവുമായാണ് അദ്ദേഹം ധനമന്ത്രിയായി ചുമതലയേൽക്കുന്നത്.
രാഷ്ട്രീയം പോലെ തന്നെ ഈശ്വരവിശ്വാസവും പിടിആറിന് പാരമ്പര്യമാണ്. അതുകൊണ്ട് തന്നെ ഈശ്വര വിശ്വാസം തെല്ലുമില്ലാത്ത പാര്‍ട്ടിയില്‍ മധുര മീനാക്ഷിയുടെ കടുത്ത ഭക്തനാണ് അദ്ദേഹം. യോഗ്യതകള്‍ അടിസ്ഥാന തത്വങ്ങളെ മറികടക്കും എന്നതിനാണ് തമിഴ്നാട് രാഷ്ട്രീയം സാക്ഷിയായത്.
മധുര മീനാക്ഷി ക്ഷേത്രവുമായുള്ള പിടിആറിന്റെ കുടുംബ ബന്ധം ആഴത്തിലുള്ളതാണ്. പിടിആറിന്റെ മുത്തച്ഛനാണ് ക്ഷേത്രത്തില്‍ 1963 കുംഭാഭിഷേകം നടത്തിയത്
തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുന്നോട്ട് വച്ച മൂന്ന് പ്രധാന കാര്യങ്ങളില്‍ ഒന്ന് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആയിരുന്നു. പുനരുദ്ധാരണത്തിന് ശേഷം കുംഭാഭിഷേകം നടത്താൻ പിടിആറിനും ആഗ്രഹമുണ്ട്.
പാര്‍ട്ടിയുടെ നിരീശ്വരവാദവും തന്റെ വിശ്വാസവും തമ്മില്‍ യാതൊരു വൈരുദ്ധ്യങ്ങളും അദ്ദേഹം കാണുന്നില്ല. "തന്റെ ദൈവ വിശ്വാസത്തെക്കുറിച്ച് കലൈഞ്ചര്‍ എം.കരുണാനിധിക്ക് അറിയാവുന്ന കാര്യമാണ്. പിതാവിന്റെ മരണത്തിന് ശേഷം മാസത്തില്‍ അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ക്ഷേത്ര ദര്‍ശനം നടത്തുമായിരുന്നു. ക്ഷേത്ര സാന്നിധ്യം ഉള്ളതുകൊണ്ടാണ് മധുര സെന്‍ട്രല്‍ മണ്ഡലം ആവശ്യപ്പെട്ടത്. ഇക്കാര്യവും കലൈഞ്ചര്‍ക്ക് അറിയാവുന്നതാണ്," പിടിആര്‍ വ്യക്തമാക്കി.
പിടിആറിന്റെ കുടുംബത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്. "ക്ഷേത്രത്തില്‍ തീപിടുത്തം ഉണ്ടായ സമയത്ത് പന്തളം രാജാവ് പരിഹാരം കാണുന്നതിനായി ജോത്സ്യനെ സമീപിച്ചിരുന്നു. എന്റെ മുത്തച്ഛനെ സമീപിക്കാനാണ് ജോത്സ്യന്‍ നിര്‍ദേശം നല്‍കിയത്. ശബരിമല വിഗ്രഹം അദ്ദേഹമാണ് സമര്‍പ്പിച്ചത്," പിടിആര്‍ ഓര്‍ത്തെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.