ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക മാർഗനിർദേശം. കൊറോണ വൈറസിന്റെ പുതിയ മ്യൂട്ടന്റ് വേരിയന്റിനെക്കുറിച്ച് ഉയർന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ എസ്ഒപി അഥവ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജിയർ പ്രസിദ്ധീകരിച്ചത്.
എത്തിച്ചേരുമ്പോൾ ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. പരിശോധനയിൽ കോവിഡ് പോസിറ്റിവായാൽ പ്രത്യേക ഐസൊലേഷനും സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 23 മുതല്‍ 31 വരെ യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാൽ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്തെത്തുന്നവര്‍ ചുവടെകൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
- ഇംഗ്ലണ്ടില്‍ നിന്നു വന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം.
- ഇവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം.അതാത് സംസ്ഥാന സർക്കാരുകൾ വേണം ഇത് നടപ്പാക്കാൻ.
- പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കണം. അതിനായി പുനെ വൈറോളഝി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണയക്കേണ്ടത്. ലണ്ടനിലെ വകഭേദം സംഭവിച്ച വൈറസ് സാമ്പിളാണോ എന്ന് മനസ്സിലാക്കുന്നതിനാണത്.
- പുതിയ വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇവരെ പ്രവേശിപ്പിക്കും.
- പുതിയ മാര്ഗ്ഗനിര്ദേശങ്ങളെ കുറിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.