സാമൂഹ്യ മാധ്യമ സേവനങ്ങൾ, ഓവർ ദ ടോപ്പ് (ഒടിടി) സേവന ദാതാക്കൾ, ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾ എന്നിവയ്ക്കായുള്ള പുതിയ മാർഗ നിർദേശങ്ങൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മീറ്റി) പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെയോ ഒരു ട്വീറ്റിന്റെയോ ഉറവിടം ആരെന്ന് വ്യക്തമാക്കാൻ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നതടക്കമുള്ള വ്യവസ്ഥകൾ പുതിയ മാർഗനിർദേശങ്ങളിൽപ്പെടുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുള്ള വാട്സാപ്പ് പോലുള്ള സേവന ദാതാക്കൾ, ഇത് അനുസരിക്കുന്നതിനായി ഇന്ത്യയിൽ എൻക്രിപ്ഷൻ ഇല്ലാതാക്കാൻ നിർബന്ധിതരാകുമെന്ന് ഇത് അർത്ഥമാക്കുന്നു.
“ഞങ്ങൾ പുതിയ നിയമങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ല. നിലവിലുള്ള ഐടി ആക്ടിന് കീഴിലാണ് ഞങ്ങൾ ഈ നിയമങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്, ” ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് ഈ ചട്ടങ്ങൾ പ്രഖ്യാപിക്കവേ പറഞ്ഞു. ”ഈ പ്ലാറ്റ്ഫോമുകൾ ഈ ചട്ടങ്ങൾ പാലിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ മാർഗ്ഗനിർദ്ദേശത്തിന്റെ ഊന്നൽ സ്വയം നിയന്ത്രണത്തിലാണ്,” മന്ത്രി വ്യക്തമാക്കി.
ഈ ചട്ടങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായുള്ള ജാഗ്രതാ ചട്ടങ്ങൾ ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച് 3 മാസത്തിനുശേഷം പ്രാബല്യത്തിൽ വരും. അവ ഒഴികെയുള്ള ചട്ടങ്ങൾ അവ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.
ഒരു സുപ്രധാന സോഷ്യൽ മീഡിയ സേവനവും ഒരു സാധാരണ സോഷ്യൽ മീഡിയ സേവനവും തമ്മിലുള്ള തരം തിരിവ് ഈ നിയമങ്ങൾക്കായി കണക്കാക്കേണ്ടതുണ്ട്. സുപ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായി എത്ര ഉപഭോക്താക്കളുള്ള സ്ഥാപനങ്ങളെയാണ് നിർവചിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും അഞ്ച് കോടിയിലധികം ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമുകളാവും അതിൽ ഉൾപ്പെടുകയെന്ന് മന്ത്രി സൂചന നൽകി.
ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾ പരിഹരിക്കുന്നതിന് സോഷ്യൽ മീഡിയ കമ്പനികൾക്ക് ഒരു സംവിധാനം വേണമെന്ന് സർക്കാർ നിർദേശിക്കുന്നു. നിയമവും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുള്ള ചീഫ് കംപ്ലയിൻസ് ഓഫീസറെ സ്ഥാപനങ്ങൾ നിയമിക്കമമെന്നും ആ വ്യക്തി ഇന്ത്യയിൽ താമസിക്കുന്ന ആളായിരിക്കണമെന്നും നിർദശങ്ങളിൽ പറയുന്നു.
നിയമ നിർവഹണ ഏജൻസികളുമായി ഏത് നേരവും ഏകോപനത്തിനായി നോഡൽ കോൺടാക്റ്റ് പേഴ്സൺ, പരാതി പരിഹാര മെക്കാനിസത്തിന് കീഴിൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ നിർവഹിക്കുന്ന റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെയും നിയമിക്കണമെന്നും ഇവരും ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കണമെന്നും നിർദശങ്ങളിൽ പറയുന്നു.
Read More: നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല
ഉപയോക്താക്കളുടെ അന്തസ്സിനെ ഹനിക്കുന്ന ഉള്ളടക്കങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പരാതി ഉണ്ടെങ്കിൽ, 24 മണിക്കൂറിനുള്ളിൽ ആ ഉള്ളടക്കം നീക്കംചെയ്യേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു.
ഒരു സന്ദേശം അദ്യം ആരാണ് തയ്യാറാക്കുകയോ പങ്കു വയ്ക്കുകയോ ചെയ്തതതെന്ന് സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾ ട്രാക്ക് ചെയ്യണമെന്നും നിയമത്തിൽ പറയുന്നു. ആരാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് അറിയാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രാലയം നിർദേശങ്ങളിൽ പറയുന്നു. ഇന്ത്യയുടെ സുരക്ഷ, പരമാധികാരം, പൊതു ക്രമം എന്നിവയെ ബാധിക്കുന്നതോ അല്ലെങ്കിൽ ബലാത്സംഗം അല്ലെങ്കിൽ മറ്റേതെങ്കിലും ലൈംഗിക അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളിൽ ഇത് ആവശ്യമാണ്.
“സ്വമേധയാ അവരുടെ അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിക്കുന്നതിന് ഉചിതമായ ഒരു സംവിധാനം നൽകണം” എന്നും നിയമങ്ങളിൽ പറയുന്നു. സിനിമകൾക്ക് ഒരു സെൻസർ ബോർഡ് ഉണ്ടെങ്കിലും, ഒടിടി പ്ലാറ്റ്ഫോമുകളും അവരുടെ സിനിമകളും പ്രായവും അടിസ്ഥാനമാക്കി ഉള്ളടക്കത്തെ സ്വയം തരംതിരിക്കേണ്ടതുണ്ടെന്ന് ചട്ടങ്ങളിൽ പറയുന്നു.