ഇനി മുതൽ മേൽവിലാസം തിരിച്ചറിയാൻ ഉപയോഗിക്കാൻ സാധിക്കാത്ത വിധം പാസ്പോർട്ടിൽ അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ പാസ്പോർട്ട് മേൽവിലാസ കാർഡ് അല്ലാതാകും.
ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട് സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാർ വ്യക്തമാക്കി. പ്രൊസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതാണ് ഇതിൽ പ്രധാനം.
മൂന്ന് നിറത്തിലാണ് ഇപ്പോൾ പാസ്പോർട്ടുകൾ പുറത്തിറക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലുള്ള പാസ്പോർട്ടാണ്. നയതന്ത്രജ്ഞർക്ക് ചുവന്ന നിറത്തിലുള്ള പാസ്പോർട്ടും മറ്റുള്ളവർക്ക് നീല നിറത്തിലുള്ള പാസ്പോർട്ടുമാണ്.
നീല നിറത്തിലുള്ള പാസ്പോർട്ടിൽ തന്നെ രണ്ട് വിഭാഗമുണ്ട്. എമിഗ്രേഷൻ പരിശോധന ആവശ്യമുളളതും (ഇസിആർ), എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്തതും (ഇസിഎൻആർ) ആണ് ഇത്.
എമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവർക്ക് ഇനി മുതൽ നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ടുകളാവും നൽകുക. എമിഗ്രേഷൻ വിഭാഗത്തിലെ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
എന്നാൽ നിലവിലെ കാലാവധി അവസാനിക്കുന്നത് വരെ എല്ലാ പാസ്പോർട്ടുകളും അംഗീകൃതമായിരിക്കും. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ മാറ്റത്തോടെയാവും ഇത് ലഭിക്കുക.