ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചില ഭാഗങ്ങള്‍ ബജറ്റ് സമ്മേളനത്തിന്റെ മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം സെഷനിലേക്കു സജ്ജമാകുമെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേനല്‍ക്കാലത്തും തുടരും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഇതാണു സൂചന നല്‍കുന്നത്.
പുതിയ പാര്‍ലമെന്റ് ജനുവരി 31 നു ബജറ്റ് സമ്മേളനത്തിനു തയാറാകാനുള്ള സാധ്യത ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം തള്ളിയിരുന്നു. കെട്ടിടം നിര്‍മാണത്തിലാണെന്നും ജനുവരി 31ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുക നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമന് ഫെബ്രുവരി ഒന്നിനു ബജറ്റ് പ്രസംഗം നടത്തുക നിലവിലെ പാര്ലമെന്റിലായിരിക്കുമോ അല്ലയോയെന്ന കാര്യം സ്പീക്കര്‍ പരാമര്‍ശിച്ചില്ല. ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന സെഷന്റെ വേദി സംബന്ധിച്ച കാര്യവും സ്പീക്കര്‍ പരാമര്‍ശിച്ചില്ല.
പുതിയ കെട്ടിടത്തില്‍ ലോക്സഭാ ചേംബര്‍ ഏതാണ്ട് പൂര്‍ത്തിയായെന്നാണു കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെയും ലോക്സഭാ സെക്രട്ടേറിയറ്റിലെയും ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരം. ഒന്നും രണ്ടും നിലകളില്‍ മന്ത്രിമാരുടെ ഓഫീസുകളും പാര്‍ലമെന്റ് സെക്രട്ടേറിയറ്റുമാണു പ്രവര്‍ത്തിക്കുക. ഇവ പൂര്ത്തിാകാന് പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, പ്രിന്ററുകള്‍ തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ ബന്ധിപ്പിക്കുന്നതിനാവശ്യമായ നെറ്റ്വര്‍ക്ക് സ്വിച്ചുകളുടെ ഇറക്കുമതിയുടെ കാലതാമസം പരിഹരിച്ചതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, കെട്ടിടത്തിന്റെ നെറ്റ്വര്‍ക്ക് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്ക്ക്് ഏതാനും മാസങ്ങള്‍ വേണ്ടിവരുമെന്നു മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് ആതിഥേയത്വം വഹിക്കാന്‍ ലോക്സഭാ ചേംബര്‍ തയാറാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ, കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ നിലവിലുള്ള പാര്‍ലമെന്റ് ഹൗസില്‍നിന്ന് മാറ്റുകയുള്ളൂവെന്നു വേറൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള പ്ലോട്ടില്‍ ത്രികോണാകൃതിയിലാണു പുതിയ മന്ദിരം ഒരുങ്ങുന്നത്. 2021 ജനുവരിയില്‍ ആരംഭിച്ച നിര്‍മാണം 2022 നവംബറിനുള്ളില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സെന്‍ട്രല്‍ വിസ്ത നവീകരണത്തിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച്സിപി ഡിസൈന്‍, പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റാണു മന്ദിരം രൂപകല്‍പ്പന ചെയ്തത്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണു പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
നിര്‍ദിഷ്ട മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 10 കെട്ടിടങ്ങളുള്ള പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും വേണ്ടിയുള്ള പുതിയ വസതികളും പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന ഒരു എക്സിക്യൂട്ടീവ് എന്ക്ലേവുമാണു രാഷ്ട്രപതിഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്ററില്‍ സജ്ജമാവുക.