scorecardresearch

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നാളെ

പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ സ്പപീക്കറുടെ ചേംബറിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലടി തുടങ്ങിയിട്ടുണ്ട്

പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ സ്പപീക്കറുടെ ചേംബറിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലടി തുടങ്ങിയിട്ടുണ്ട്

author-image
Divya A
New Update
parliament, ie malayalam

പുതിയ പാർലമെന്റ് മന്ദിരം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കോൺഗ്രസ് അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചെറിയൊരു വീഡിയോ ക്ലിപ്പ് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.

Advertisment

''പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഈ വിഖ്യാതമായ കെട്ടിടത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ വീഡിയോ നൽകുന്നത്. എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട് - നിങ്ങളുടെ ചിന്തകൾ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് ഈ വീഡിയോയ്ക്കൊപ്പം #MyParliamentMyPride എന്ന ഹാഷ്ടാഗിൽ പങ്കിടുക. അതിൽ ചിലത് ഞാൻ റീ-ട്വീറ്റ് ചെയ്യും,'' വീഡിയോ ഷെയർ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Advertisment

പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. പ്രസിഡന്റിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപമാനകരം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞാണ് 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

എന്നാൽ, എൻഡിഎ ഇതര കക്ഷികളായ ജെഡി (എസ്), ബിഎസ്‌പി, ടിഡിപി എന്നിവ ഉൾപ്പെടെ 25 പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ സ്പപീക്കറുടെ ചേംബറിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലടി തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അധികാര കൈമാറ്റത്തിന്റെ അടയാളമായി സ്വാതന്ത്ര്യത്തിന്റെ തലേന്ന് ജവഹർലാൽ നെഹ്‌റുവിന് ചെങ്കോൽ കൈമാറിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ, ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ പ്രഭു, സി.രാജഗോപാലാചാരി, ജവഹർലാൽ നെഹ്‌റു എന്നിവർ ചെങ്കോലിനെ വിശേഷിപ്പിച്ചതിന് രേഖാമൂലമുള്ള തെളിവുകളൊന്നുമില്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഈ ചെങ്കോൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും തമിഴ്‌നാട്ടിൽ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇത്രയധികം വെറുക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായി തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ പണ്ഡിറ്റ് നെഹ്‌റുവിന് ഒരു ചെങ്കോൽ നൽകി. എന്നാൽ അത് ‘വാക്കിങ് സ്റ്റിക്ക്’ ആയി മ്യൂസിയത്തിലേക്ക് നാടുകടത്തിയെന്ന് ഷാ പറഞ്ഞു.

202 ഡിസംബർ 10 നാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. 2021 ജനുവരിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. 64,500 ചതുരശ്ര മീറ്ററാണ് പാർലമെന്റ് മന്ദിരത്തിന്റെ ആകെ വിസ്തീര്‍ണം. ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽനിന്നും 888 ആയും രാജ്യസഭാ സീറ്റുകളുടെ എണ്ണം 250 ൽ നിന്നും 384 ആയും കൂട്ടിയിട്ടുണ്ട്. ലോക്‌സഭാ ചേംബറിന് 1,272 വരെ അധിക സീറ്റുകൾ ഉൾക്കൊള്ളാൻ കഴിയും. പുതിയ കെട്ടിടത്തിന് സെൻട്രൽ ഹാൾ ഇല്ല, പുതിയ ലോക്‌സഭാ ചേംബർ സംയുക്ത സമ്മേളനങ്ങൾക്കായി ഉപയോഗിക്കും.

Congress Bjp Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: