ന്യൂദല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വ്യവസായ മേഖകളില്‍ ഉല്‍പ്പാദന ഇടിവ്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി തുടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വ്യവസായ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് ഇത്രയും കുറഞ്ഞ ഉല്‍പ്പാദനം നടത്തിയതായി രേഖപ്പെടുത്തിയത്.

അതേസമയം കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാനപ്പെട്ട വ്യവസായമേഖലയിലെ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 4.7 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി എന്നിവയുടെ വളര്‍ച്ചനിരക്ക് യഥാക്രമം 8.6 ശതമാനം, 5.4 ശതമാനം, 3.9 ശതമാനം, 4.9 ശതമാനം, 2.9 ശതമാനം എന്നിങ്ങനെ കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ വളം, ഉരുക്ക് എന്നിവയുടെ ഉല്‍പ്പാദനം യഥാക്രമം 2.9 ശതമാനവും 5 ശതമാനവുമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഈ വ്യവസായങ്ങളിലെ വളര്‍ച്ച 2.4 ശതമാനത്തില്‍ നിന്ന് 5.7 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്.

അതേസമയം, റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. 25000 കോടി മുതല്‍ 30000 കോടി രൂപവരെ ആവശ്യപ്പെട്ടേക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തില്‍ നിന്ന് വളര്‍ച്ച ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ധനകാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. വരുമാന ശേഖരണത്തിലെ മിതത്വവും തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook