ന്യൂഡല്‍ഹി: പെഗാസസ്‍ ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, മുന്‍ സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താന, മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന എ.കെ.ശര്‍മ, വ്യവസായി അനില്‍ അംബാനി എന്നിവരുടെ ഫോണുകളും നിരീഷണത്തിലുണ്ടായിരുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പൈവെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നത് കേന്ദ്രീകരിച്ചുള്ള ആഗോള അന്വേഷണാത്മക പ്രോജക്ടില്‍ ഫ്രഞ്ച് ഫോര്‍ബിഡന്‍ സ്റ്റോറീസുമായും മനുഷ്യാവകാശ ഗ്രൂപ്പായ ആംനസ്റ്റി ഇന്റർനാഷണലുമായി പങ്കാളികളായിട്ടുള്ള 16 ആഗോള മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ് ദി വയര്‍.
ദി വയര്‍ പുറത്ത് വിട്ട പുതിയ പട്ടികയില്‍ അനില്‍ അംബാനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ടോണി ജേസുദാന്‍, ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കട റാവു പോസിനയുടെ പേരുകളും ഉള്‍പ്പെടുന്നു. അലോക് വര്‍മയുടെ കുടുംബാംഗങ്ങളും പട്ടികയിലുണ്ട്.
2018 ലാണ് അംബാനിയുടേയും തൊഴിലാളിയുടേയും നമ്പരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റാഫേൽ വിമാനങ്ങള്‍ വാങ്ങുന്നതിനായി ദസോൾട്ടുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാറിനെക്കുറിച്ച് സുപ്രീം കോടതിയിൽ കേസ് വന്ന സമയത്താണിത്.
“ഡസ്സോൾട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കട റാവു പോസിനയുടേയും, സാബ് ഇന്ത്യയുടെ മുന്‍ മേധാവി ഇന്ദർജിത് സിയാൽ, ബോയിംഗ് ഇന്ത്യ ബോസ് പ്രത്യുഷ് കുമാർ എന്നിവരുടെ ഫോണ്‍ ചോര്‍ത്തല്‍ 2018, 2019 കാലഘട്ടത്തിലായിരുന്നു,” ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: Pegasus: ദലൈലാമയുടെ മുഖ്യ ഉപദേശകരുടെ ഫോണുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്