ന്യൂഡൽഹി: പുതിയ ദേശീയ പൊതുജനാരോഗ്യ നിയമത്തിനായുള്ള കരട് ബില്ലിലെ വിവിധ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകാനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ആരംഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി. കൃത്യമായി നിർവചിക്കപ്പെട്ട അധികാരങ്ങളുള്ള ഒരു നാല് തട്ടിലായി വരുന്ന ആരോഗ്യ ഭരണ സംവിധാനം സ്ഥാപിക്കുന്നത് മുതൽ ഒരു പൊതുജനാരോഗ്യ കേഡർ സ്ഥാപിക്കുന്നതിനുള്ള അധികാരങ്ങൾ വരെ നൽകുന്നതാണ് ഇവയെന്നാണ് അറിവ്.
കരട് തയ്യാറായിക്കഴിഞ്ഞാൽ, ആദ്യം അത് പബ്ലിക് ഡൊമൈനിൽ ചർച്ചയ്ക്കായി വയ്ക്കും. അതിന് ശേഷമാകും കേന്ദ്ര മന്ത്രിസഭയിലേക്ക് അയക്കുക. കോവിഡ് മൂന്നാം തരംഗം രാജ്യത്തുടനീളം കുറയുന്ന സാഹചര്യത്തിൽ ദേശീയ പൊതുജനാരോഗ്യ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിർദ്ദിഷ്ട ദേശീയ പൊതുജനാരോഗ്യ നിയമം 2017 മുതൽ ചർച്ചയിലുണ്ട്, ഇത് നടപ്പിലാക്കിയാൽ 125 വർഷം പഴക്കമുള്ള എപ്പിഡെമിക് ഡിസീസ് ആക്ട്, 1897-ന് പകരമാകും. ജൈവഭീകരവാദം, പ്രകൃതി ദുരന്തങ്ങൾ, രാസ, ആണവ ആക്രമണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളും അപകടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് നിയമം.
“പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ” കൈകാര്യം ചെയ്യാൻ കൃത്യമായി നിർവചിക്കപ്പെട്ട അധികാരങ്ങൾ ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക് മേഖലകൾക്ക് നൽകുന്ന നാല് തട്ടിലായി വരുന്ന ആരോഗ്യ ഭരണ സംവിധാനം കരട് ബിൽ നിർദ്ദേശിക്കുന്നു.
നാഷണൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നയിക്കുമ്പോൾ സംസ്ഥാനങ്ങളിൽ ആരോഗ്യ മന്ത്രിമാർ അധ്യക്ഷനാകും. ജില്ലാ കലക്ടർമാർ ആയിരിക്കും അടുത്ത നിരയുടെ നേതൃത്വം, ബ്ലോക്ക് യൂണിറ്റുകളെ ബ്ലോക്ക് മെഡിക്കൽ ഓഫീസർമാരോ മെഡിക്കൽ സൂപ്രണ്ടുമാരോ ആയിരിക്കും നയിക്കുക. സാംക്രമികേതര രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇവർക്ക് അധികാരമുണ്ടായിരിക്കും.
ദേശീയ-സംസ്ഥാന തലങ്ങളിൽ പബ്ലിക് ഹെൽത്ത് കേഡറുകൾ സൃഷ്ടിക്കുന്നതിനും നിർദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു.
ഐസൊലേഷൻ , ക്വാറന്റൈൻ, ലോക്ക്ഡൗൺ എന്നിങ്ങനെയുള്ള വിവിധ നടപടികൾ കരട് ബില്ലിൽ നിർവചിച്ചിട്ടുണ്ട്, കോവിഡ് നിയന്ത്രണങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ നടപടികൾ സ്വീകരിച്ചതാണ്.
ലോക്ക്ഡൗണിന്റെ നിർവചനത്തിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ വ്യക്തികളുടെ സഞ്ചാരത്തിനോ ഒത്തുചേരലിനോ ഉള്ള നിയന്ത്രണവും ഉൾപ്പെടുന്നു. ഫാക്ടറികൾ, പ്ലാന്റുകൾ, ഖനനം, നിർമ്മാണം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നതായി മനസിലാകുന്നു.
“പൊതു ആരോഗ്യ അടിയന്തരാവസ്ഥ” പ്രഖ്യാപിക്കാൻ കഴിയുന്ന നിരവധി സാഹചര്യങ്ങളും കരട് പ്രതിപാദിക്കുന്നു. അവയിൽ ജൈവഭീകരവാദവും ഉൾപ്പെടുന്നു. പകർച്ചവ്യാധികൾ, പ്രകൃതി ദുരന്തം, ഒരു രാസ ആക്രമണം, ആണവ ആക്രമണം അല്ലെങ്കിൽ അപകടം എന്നിവയും അതിൽ വരുന്നു.
പൊതുജനാരോഗ്യത്തെ സംബന്ധിച്ച നിർദിഷ്ട നിയമനിർമ്മാണം വർഷങ്ങളായി ചർച്ചയിലുണ്ടെങ്കിലും ഇപ്പോഴാണ് അത് വേഗതകൈവരിച്ചത്.
2017-ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ (എപ്പിഡെമിക്സ്, ജൈവ-ഭീകരവാദം, ദുരന്തങ്ങൾ എന്നിവയുടെ പ്രതിരോധം, നിയന്ത്രണം, മാനേജ്മെന്റ്) നിയമത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. 2020 സെപ്റ്റംബറിൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, സർക്കാർ ദേശീയ പൊതുജനാരോഗ്യ നിയമം രൂപീകരിക്കുമെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.