ന്യൂഡൽഹി: വധഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രത്യേക സുരക്ഷ സംഘത്തിന്റെ അനുമതി ഇല്ലാതെ ഇനി മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ പ്രധാനമന്ത്രിയുടെ അടുത്തെത്താനാവില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പ് കൈയ്യെത്തും ദൂരത്ത് നിൽക്കെ പ്രധാനമന്ത്രിക്ക് വധഭീഷണി സമീപകാലത്തെ ഏറ്റവും ഉയർന്ന കണക്കിലെത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ റോഡ് ഷോകൾ നടത്തരുതെന്നാണ് ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എസ്‌പിജി നൽകിയിരിക്കുന്ന നിർദ്ദേശം എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പുണെ പൊലീസാണ് ജൂൺ ഏഴിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഉദ്ദേശിക്കുന്നതായുളള കത്ത് കണ്ടെത്തിയെന്ന് റിപ്പോർട്ട് നൽകിയത്. നിരോധിക്കപ്പെട്ട സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് ഡൽഹിയിൽ പിടിയിലായ അഞ്ച് പേരിൽ നിന്നാണ് കത്ത് കണ്ടെത്തിയത്.

വെസ്റ്റ് ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെ ആറ് പാളികളുളള സുരക്ഷ വലയം ഭേദിച്ച് ഒരാൾ പ്രധാനമന്ത്രിയുടെ കാലിൽ വണങ്ങിയിരുന്നു. ഇത് സുരക്ഷാ സേനയെ ഞെട്ടിക്കുകയും ചെയ്‌തു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരാണ് നരേന്ദ്ര മോദിക്ക് സുരക്ഷ വർദ്ധിപ്പിക്കണമോയെന്ന കാര്യത്തിൽ ചർച്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook