ന്യൂഡൽഹി: വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാര്‍ 14 ദിവസ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു. ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റൈൻ മതി. പിന്നീടുള്ള ഏഴു ദിവസം ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന് മതിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.
Read More: ആരോഗ്യസേതു ആപ് നിര്‍ബന്ധം; വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ
ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുളളവർ, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന് അനുവദിക്കും. എന്നാൽ ഇവർക്കും ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ്. സംസ്ഥാനാന്തര യാത്ര നടത്തുന്ന എല്ലാവരും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. എല്ലാവര്ക്കും ആരോഗ്യ സേതു നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.
യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ചും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ടിക്കറ്റ് ഏജന്‍സികള്‍ നല്‍കണം. തെര്‍മല്‍ സ്ക്രീനിങ്ങിനുശേഷം ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ. കരമാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.
എയര്‍പോര്‍ട്ടിലും വിമാനത്തിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം. യാത്രയില്‍ സാമൂഹിക അകലം ഉറപ്പാക്കണം. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കോവിഡ് സുരക്ഷാമുന്‍കരുതലുകള്‍ ഇടവിട്ട് അനൗണ്‍സ് ചെയ്യണം. യാത്രയില്‍ മാസ്ക് ധരിക്കല്‍, കൈകള്‍ ശുചീകരിക്കുക തുടങ്ങിയവ ഉറപ്പുവരുത്തണം
യാത്ര പൂര്‍ത്തിയായി എയര്‍പോര്‍ട്ട്/സീപോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നടത്തണം. തെര്‍മല്‍ സ്ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യണം. മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ 7 ദിവസം ക്വാറന്റൈന് ചെയ്യണം. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കോവിഡ് പരിശോധന നടത്തണം.