ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ശനിയാഴ്ചയാണ് അരുണാചല്‍ പ്രദേശ്, ബീഹാര്‍, തമിഴ്നാട്, അസ്സം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചത്.
ഇവരാണ് പുതിയ അഞ്ച് ഗവര്‍ണര്‍മാര്‍ :
ബ്രിഗേഡിയര്‍ ബിഡി മിശ്ര – അരുണാചല്‍ പ്രദേശ് :
മുന്‍ എന്‍എസ്ജി കമാന്‍ഡറായ ഈ എഴുപത്തിയെട്ടുകാരന് 1993ല്‍ അമൃത്സറില് തട്ടിക്കൊണ്ടുപോയ വിമാനം തിരിച്ചുപിടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്. 1962ലെ ചൈനാ യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനം, ശ്രീലങ്കയിലെ എല്‍ടിടിഇക്കെതിരായ ഓപറേഷന് എന്നിവയിലൊക്കെ പങ്കെടുത്തയാലാണ് ബിഡി മിശ്ര. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം 1987-88ലെ കാര്‍ഗില്‍ യുദ്ധത്തിലും അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
സത്യപാല്‍ മാലിക്- ബീഹാര്‍ :
രണ്ടു തവണ രാജ്യസഭാംഗവും ഒരു തവണ ലോകസഭാ അംഗവുമായിട്ടുള്ള ഈ എഴുപത്തിയൊന്നുകാരന്. എഴുപതുകളില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലെ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ബന്‍വാരിലാല്‍ പുരോഹിത് – തമിഴ്നാട്
നിലവില്‍ അസ്സം ഗവര്‍ണറായി സേവനം അനുഷ്ടിക്കുന്ന പുരോഹിത് സിഎച് വിദ്യാസാഗറിനു പകരമായാണ് തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുക. വിദര്‍ഭയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ബന്‍വാരിലാല്‍. സംസ്ഥാന രാഷ്ട്രീയം കടന്നുപോകുന്ന കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ വലിയ വെല്ലുവിളികളാണ് ബന്വാരിലാലിനു മുന്നിലുള്ളത്.
പ്രൊഫസര്‍ ജഗദീഷ് മുഖി- അസ്സം:
അണ്ഡമാന് നിക്കോബാര്‍ ദ്വീപുകളിലെ ഗവര്‍ണര്‍ ചുമതല വഹിച്ചുവരുകയാണ് ജഗദീഷ് മുഖി. ഡല്‍ഹി സര്‍ക്കാരില്‍ സാമ്പത്തികം, ആസൂത്രണം, എക്സൈസ്, നികുതി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തോളം ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായും ചെലവിട്ടു.
ഗംഗാപ്രസാദ് – മേഘാലയ :
പതിനെട്ടുവര്‍ഷം ബിഹാറിലെ നിയമനിര്‍മാണസഭാംഗം ആയിരുന്നു ഗംഗാ പ്രസാദ്. “ഭരണഘടനാപരമായ കൃത്യനിര്‍വഹണത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുമായി സൗഹാര്‍ദപരമായി മുന്നോട്ട് പോകും.” നിയമനത്തിനു ശേഷം വാര്‍ത്താ എജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഗംഗാ പ്രസാദ് പറഞ്ഞു.
ദേവേന്ദ്ര കുമാര്‍ ജോഷി – ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ -അണ്ഡമാന് നിക്കോബാര്‍:
2012 ഓഗസ്റ്റ് മുതല്‍ ഫിബ്രവരി 2014 ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ച ദേവേന്ദ്ര കുമാര്‍ 1999ല്‍ സിംഗപൂരിലെ ഇന്ത്യന്‍ ഹൈ കമ്മീഷനില്‍ പ്രതിരോധ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.