ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ ഭരണകാലത്തെ വളർച്ചാ നിരക്കിൽ മാറ്റം വരുത്തി കേന്ദ്രം പുറത്തിറക്കിയ പുതിയ ജിഡിപി വിവരങ്ങള്‍ രാഷ്ട്രീയ വിവാദമാകുന്നു. മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണ് കേന്ദ്രം വളർച്ചാ നിരക്ക് പുനഃക്രമീകരിച്ചത്. ‘വിദ്വേഷപരവും തട്ടിപ്പുരീതിയിലുളള ചെപ്പടിവിദ്യ’ ആണ് മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കാണിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2010-11 സാമ്പത്തിക വർഷത്തിൽ 10.3 ശതമാനമായിരുന്നു രേഖപ്പെടുത്തിയ വളർച്ച നിരക്ക്. ഉദാരീകരണത്തിന് ശേഷം രാജ്യം ഏറ്റവും കൂടുതൽ വളർച്ച നിരക്ക് രേഖപ്പെടുത്തിയത് ഈ സാമ്പത്തിക വർഷമായിരുന്നു. 8.3 ശതമാനമായാണ് വളർച്ച നിരക്ക് കുറച്ചത്. പുതിയ വിവരങ്ങൾ പ്രകാരം കണക്കാക്കിയപ്പോഴാണ് വളർച്ച നിരക്ക് കുറഞ്ഞതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. വളർച്ച നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളിൽ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005-06 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് 9.3 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറച്ചിട്ടുണ്ട്. 2006-07 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക് 8.1 ശതമാനമായും, 2007-08ലേത് 7.7 ശതമാനമായാണ് കുറച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യം കാണിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞു. തിരിമറി നടത്തി ജിഡിപിയില്‍ കൃത്രിമം കാണിച്ച വിലയില്ലാത്തവരാണ് നീതി ആയോഗ് എന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം ട്വീറ്റ് ചെയ്തു.
‘ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് പുനർനിർണയിച്ച നിതി ആയോഗിന്റെ നടപടി തമാശയാണ്. അത് ഒരു മോശം തമാശയാണ്. യഥാർത്ഥത്തിൽ അത് മോശം തമാശയേക്കാൾ തരംതാണതാണ്. നിശിത വിമർശനത്തിനു പാത്രമാകേണ്ട പ്രവർത്തിയാണ് നിതി ആയോഗ് ചെയ്തത്. ഒരു ഗുണവുമില്ലാത്ത നിതി ആയോഗ് പിരിച്ചു വിടാൻ സമയമായി,’ ചിദംബരം വ്യക്തമാക്കി.