/indian-express-malayalam/media/media_files/uploads/2023/05/MANIPUR-3.jpg)
ഫൊട്ടോ- എഎന്‍ഐ
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോഖ്പി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരു വയോധികയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ്, ഐആർബി (ഇന്ത്യ റിസർവ് ബെറ്റാലിയൻ) യൂണിഫോം ധരിച്ചെത്തിയവരാണ് വെടിവച്ചതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. സംസ്ഥാനത്ത് 48 മണിക്കൂറിനിടെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ആയുധധാരികളായ ആളുകൾ പുലർച്ചെ 4 മണിയോടെ ഗ്രാമത്തിലെത്തി വെടിയുതിർക്കുകയും രണ്ട് മണിക്കൂറോളം അവിടെ തങ്ങുകയും ചെയ്തുവെന്ന് കുക്കികൾ കൂടുതലുള്ള ഖോകെൻ ഗ്രാമത്തിലെ നിവാസികൾ ആരോപിച്ചു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരുക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദോംഖോഹോയ് (65), ഖൈജമാങ് ഗൈറ്റ് (52), ജങ്‌പാവോ ടൗതാങ് (40) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഖോകെനിലെ നിവാസികൾ തിരിച്ചറിഞ്ഞു. പുലർച്ചെ നാൽപതോളം പേർ അതിരാവിലെ ഗ്രാമത്തിൽ എത്തിയതായി ഗ്രാമത്തിലെ താമസക്കാരനും ദോംഖോഹോയിയുടെ ഇളയ സഹോദരനുമായ തോങ്ഖുപ് ഡൂംഗൽ പറഞ്ഞു.
പൊലീസ്, ഐആർബി യൂണിഫോം ധരിച്ചെത്തിയവർ പെട്ടെന്ന് വെടിവയ്ക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നു. ഉടൻതന്നെ ഞങ്ങൾ ഗ്രാമം വിട്ട് അടുത്തുള്ള സിആർപിഎഫ് ക്യാംപിലെത്തി വിവരം അറിയിച്ചു. സിആർപിഎഫും ഖോർഖ റെജിമെന്റും എത്തിയശേഷമാണ് അക്രമികൾ ഗ്രാമം വിട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു. ''പ്രാർത്ഥിക്കാനായി ഗ്രാമത്തിലെ പള്ളിയിൽ പോയപ്പോഴാണ് ദോംഖോഹോയ് കൊല്ലപ്പെട്ടത്. എന്റെ സഹോദരി വിധവയായിരുന്നു, കൊല്ലപ്പെട്ട മറ്റു രണ്ടുപേർ സാധാരണ കർഷകരായിരുന്നു.''
ആർമി യൂണിഫോം വേഷമിട്ട് എത്തിയ താഴ്‌വര കേന്ദ്രീകരിച്ചുള്ള വിമതരാണ് ആക്രമണം നടത്തിയതെന്ന് ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു. കൊല്ലപ്പെട്ടവർ സാധാരണക്കാരാണെന്ന് ഫോറം അറിയിച്ചു.
സംഭവത്തെ തുടർന്ന് ദേശീയ പാത വീണ്ടും അടച്ചിടാൻ ആദിവാസി യൂണിറ്റി സദർ ഹിൽസ് കമ്മിറ്റി തീരുമാനിച്ചു. അതിനിടെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആറ് എഫ്‌ഐആറുകൾ വീണ്ടും രജിസ്റ്റർ ചെയ്യുകയും മണിപ്പൂരിൽ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ വംശീയ അക്രമവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കുകയും ചെയ്തു. എസ്ഐടിയിൽ 10 ഉദ്യോഗസ്ഥരാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.