Latest News

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ; കോവിഡ് ബാധിച്ച മേഖലകളിലെല്ലാം പുതിയ മന്ത്രിമാർ

ചൊവ്വാഴ്ച, മന്ത്രിസഭ വിപുലീകരികരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മുതിർന്ന ചില മന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തുകളഞ്ഞിരുന്നു

ഡൽഹി: കോവിഡ് -19 ന്റെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സിവിൽ ഏവിയേഷൻ, ഐടി, പെട്രോളിയം തുടങ്ങി കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലകളിലേക്ക് പുതിയ മന്ത്രിമാരെയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. മഹാമാരിയിൽ തകർന്ന ഈ മേഖലകളെ പരിപോഷിപ്പിക്കാനും ഊർജസ്വലമാക്കാനും പ്രായം കുറഞ്ഞ മന്ത്രിമാരാണ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.

എക്കാലത്തെയും ഏറ്റവും വലിയ മന്ത്രിസഭ വിപുലീകരണത്തിൽ, വാർട്ടൺ സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അശ്വിനി വൈഷ്ണാവിന് ഐടി, കമ്മ്യൂണിക്കേഷൻ വകുപ്പും, മൻസുഖ് മണ്ഡാവിയക്ക് ആരോഗ്യവും, ജ്യോതിരാദിത്യ സിന്ധ്യക്ക് സിവിൽ ഏവിയേഷനും, ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസം, നൈപുണ്യ വികസനം, പരിസ്ഥിതി എന്നിവയും, ഭൂപേന്ദ്ര യാദവിന് തൊഴിൽ, വ്യവസായവും, അനുരാഗ് താക്കൂറിന് വാർത്താവിതരണവും പ്രക്ഷേപണവും കിരൺ റിജ്ജുവിന് നിയമവുമാണ് നൽകിയിരിക്കുന്നത്. ഇവർക്കെല്ലാം പ്രായം 55 വയസ്സിൽ താഴെയാണ്.

ഹർദീപ് പുരിയെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തുകയും പെട്രോളിയം, ഭവന, നഗരകാര്യങ്ങൾ എന്നീ വകുപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പുതുതായി രൂപീകരിച്ച സഹകരണ വകുപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുത്തതോടെ, മന്ത്രിസഭയിലെ അമിത് ഷായുടെ സ്ഥാനം കൂടുതൽ പ്രാധാന്യമുള്ളതായി. അടിയന്തരമായി ഏകോപനം ആവശ്യമുള്ള മേഖലയാണ് സഹകരണ മേഖല.

ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന മോദി, കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, റെയിൽവേ എന്നീ വകുപ്പുകളിൽ ഐഐടി കാൺപൂരിൽ നിന്നും വർട്ടൻ ബിസിനസ് സ്കൂളിൽ നിന്നും ബിരുദം നേടിയിട്ടുള്ള വൈഷ്ണാവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകൾ എല്ലാം തന്നെ ജനങ്ങളുമായി അടുത്ത് നിൽക്കുന്നതാണ്.

രാഷ്ട്ര താൽപര്യങ്ങൾ മുൻനിർത്തി ഐടി, ഇലക്ട്രോണിക്സ് മേഖലകളിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ പ്രധാനമന്ത്രി പുതിയ മന്ത്രിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ പറഞ്ഞു.

Read Also: മന്ത്രിസഭാ പുനസംഘടന; പുറത്തായത് ഹർഷ് വർധനും ജാവ്ദേക്കറും അടക്കം 12 പേർ

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ രൂക്ഷമായ വിമർശനങ്ങൾ സർക്കാർ നേരിടേണ്ടി വരികയും അത് സർക്കാരിന്റെ വിശ്വസ്തതയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ മുൻപ് തുറമുഖ മന്ത്രിയായിരുന്ന മൻസുഖ് മണ്ഡാവിയക്കാണ് മോദി ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് വിശ്വാസമുള്ള മന്ത്രിയായ ഹർദീപ് സിങ് പുരി സെൻട്രൽ വിസ്ത പദ്ധതി കൈകാര്യം ചെയ്യുന്നത് തുടരും, ഒപ്പം പ്രധാനപ്പെട്ട വകുപ്പുകളായ പെട്രോളിയം പ്രകൃതി, ഭവനം നഗരകാര്യം എന്നിവയും കൈകാര്യം ചെയ്യും. ദീർഘകാലം പല സംസ്ഥാനങ്ങളിലും ബിജെപിയുടെ തന്ത്രജ്ഞനായിരുന്ന ഇപ്പോൾ വനം, പരിസ്ഥിതി, തൊഴിൽ മന്ത്രിയായ ഭൂപേന്ദ്ര യാദവിന് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്.

രാജ്യാന്തര തലത്തിൽ ഇന്ത്യയെ കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ 46-കാരൻ അനുരാഗ് താക്കൂറിനുള്ളത്. 49-കാരനായ കിരൺ റിജ്ജുവിന് നിയമമന്ത്രിയെന്ന നിലയിൽ ഒരു വെല്ലുവിളി നിറഞ്ഞ ജോലിയുണ്ട്. കാരണം,നിലവിൽ സർക്കാരിന് ജുഡീഷ്യറിയുമായി അത്ര നല്ല ബന്ധമുള്ളതായല്ല കാണാനാകുന്നത്, പ്രത്യേകിച്ചും പുതിയ ജഡ്ജിമാരെ നിയമിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടെ തർക്കം നിലനിൽക്കുന്നുണ്ട്.

ഈയടുത്ത് യു‌എ‌പി‌എ ഉപയോഗം, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തുന്നത് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ വിവിധ ഹൈക്കോടതികളിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും സർക്കാരിന് വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്.

ചൊവ്വാഴ്ച, മന്ത്രിസഭ വിപുലീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മുതിർന്ന ചില മന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തുകളഞ്ഞിരുന്നു. പെട്രോളിയം വകുപ്പ് നഷ്ടപ്പെട്ട ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വ വകുപ്പുകൾ എന്നിവയുടെ ചുമതല നൽകി. പീയുഷ് ഗോയലിനെ റെയിൽ‌വേയിൽ നിന്ന് ഒഴിവാക്കിയെങ്കിലും വാണിജ്യം, വ്യവസായം, ഉപഭോക്തൃ കാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം എന്നിവയിൽ നിന്നും മാറ്റിയില്ല. ഒപ്പം ടെക്സ്റ്റൈൽ വകുപ്പും നൽകി.

സ്ത്രീ-ശിശു വികസന മന്ത്രിയായി സ്മൃതി ഇറാനി തന്നെയാണ് തുടരുന്നത്. എന്നാൽ, മുതിർന്ന ബിജെപി നേതാവായ നിതിൻ ഗഡ്കരിയിൽ നിന്നും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പ് എടുത്ത് മാറ്റി മാറ്റി റോഡ് ഗതാഗതവും ദേശീയപാത വകുപ്പും മാത്രം നൽകി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New faces at helm in pandemic hit sectors health to education labour to petroleum

Next Story
Coronavirus India Highlights: 23,123 കോടി രൂപയുടെ അടിയന്തര കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രംMansukh Mandaviya
The moderation of comments is automated and not cleared manually by malayalam.indianexpress.com