ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്‍ സംഭരണവും വിതരണവും ഇനി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 75 ശതമാനം വാക്സിനുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാണ്.
നേരത്തെ 50 ശതമാനം വാക്സിന്‍ മാത്രമാണ് കേന്ദ്രം സംഭരിച്ച് വിതരണം ചെയ്തിരുന്നത്. രണ്ടാം തരംഗം സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിഷേധം അറിയിക്കുകയും വാക്സിന്‍ നയത്തില്‍ അസമത്വം ഉണ്ടെന്ന് വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെയാണ് കേന്ദ്രം വാക്സിന്‍ നയം പുതുക്കിയത്.
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് സേവനം ലഭിക്കുന്നതിന് എല്ലാ പ്രായത്തിലുമുള്ള ആളുകൾ പണം നൽകേണ്ടിവരും. കൂടാതെ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് വാക്സിൻ വിലയ്ക്ക് പുറമെ സേവനത്തിനുള്ള ചാർജായി 150 രൂപ മാത്രമേ ഈടാക്കാൻ കഴിയൂ. കോവിഷീൽഡിനു 780 രൂപയും കോവാക്സിനു 1410 രൂപയും സ്പുട്നിക് വിക്ക് 1145 രൂപയുമാണ് സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്.
ആരോഗ്യ പ്രവര്‍ത്തകള്‍ക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും മുൻഗണന ലഭിക്കുന്നത് തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട മരണനിരക്കിന്റെ 80 ശതമാനം 45 വയസിനു മുകളിലുള്ളവരായതിനാൽ ഈ വിഭാഗത്തിന്റെ പ്രതിരോധ കുത്തിവയ്പുകൾക്ക് സംസ്ഥാനങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍ക്കും മുൻഗണന നല്‍കും.
അതേസമയം, രാജ്യത്ത് വാക്സിന്‍ നിര്‍മാതാക്കള്‍ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ജൂലൈ മാസത്തില്‍ 13.5 കോടി വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡിസംബറോടെ രാജ്യത്തെ സമ്പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും