ന്യൂഡൽഹി: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബർ 31 രാത്രി 11:59 വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. “ഡിസംബർ 22 രാത്രി 11.59 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും,”എന്നും മന്ത്രാലയം അറിയിച്ചു.

“മുകളിൽ പറഞ്ഞ കാലയളവിൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും,” എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളും റദ്ദാക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു.

70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.

Read More: കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം അർഥമാക്കുന്നതെന്ത്?

അതേസമയം കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.

“നിലവിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ എല്ലാവരും കണ്ടിട്ടുളളതാണ്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എട്ടുത്തിട്ടുണ്ട്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല,” ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രിട്ടനിൽ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടതിന് പിറകേയാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

പുതിയ വൈറസ് ബാധയെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശക സമിതി ഇന്ന് യോഗം ചേരുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook