പ്രതിഷേധം ആളിക്കത്തും; കർഷക യൂണിയൻ നേതാക്കൾ തിങ്കളാഴ്ച മുതൽ ഉപവാസ സമരത്തിന്

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക യൂണിയൻ നേതാക്കൾ

ന്യൂഡൽഹി: വരുംദിവസങ്ങളിൽ കർഷകരുടെ പ്രതിഷേധം കൂടുതൽ ശക്തമാകും. ഡിസംബർ 14 മുതൽ കർഷക യൂണിയൻ നേതാക്കൾ ഉപവാസ സമരത്തിന്. തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക യൂണിയൻ നേതാക്കൾ അറിയിച്ചു. ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക യൂണിയൻ നേതാക്കൾ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഞായറാഴ്‌ച ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും. രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. ജയ്‌പൂർ വഴിയിലൂടെ ഡൽഹി ഹെെവെയിലേക്ക് പ്രവേശിക്കും.

ഏഴ് ജില്ലകളിലെ ആയിരത്തോളം ഗ്രാമങ്ങളിൽ നിന്ന് 1,300 ട്രാക്ടർ ട്രോളികൾ ഉൾപ്പെടെ 1,500 വാഹനങ്ങൾ. വാരാന്ത്യത്തിൽ പഞ്ചാബിൽ നിന്നും ഡൽഹി അതിർത്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിഷേധക്കാരുടെ പുതിയ സംഘത്തിന്റെ വലുപ്പമാണിതെന്ന് കിസാൻ മസ്ദൂർ സംഗർഷ് കമ്മിറ്റി (കെഎംഎസ്‌സി) നേരത്തെ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സെപ്റ്റംബർ അവസാനം മുതൽ റെയിൽ ഉപരോധം ഉൾപ്പെടെ സംസ്ഥാനത്ത് ആദ്യത്തെ വലിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത് കെഎംഎസ്‌സി ആണ്. ഇന്ന് ഡൽഹി-ജയ്‌പൂർ ഹൈവേ തടഞ്ഞ് പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം.

പുതിയ സംഘം എത്തുന്നതോടെ രണ്ടാഴ്ച മുമ്പ് 100 ട്രാക്ടർ ട്രോളറുകളിൽ കുണ്ട്ലി അതിർത്തിയിലെത്തിയ പ്രക്ഷോഭകർ ഒരുപക്ഷെ വീടുകളിലേക്ക് തിരിച്ചു പോയേക്കാമെന്ന് കെഎംഎസ്‌സി നേതാക്കൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read More: കർഷകർ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് കേന്ദ്രം; ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ

“ഡൽഹിയുടെ അതിർത്തിയിൽ ഇതിനകം ഒരു വലിയ സംഘം കർഷകർ ഉണ്ട്, പക്ഷേ ഞങ്ങൾ ഒരു വഴി കണ്ടെത്തും. ഞങ്ങൾക്ക് ഇടം ലഭിച്ചില്ലെങ്കിൽ, കഴിയുന്നിടത്തെല്ലാം ഞങ്ങൾ നിർത്തും. കൂടാതെ, ഇതിനകം കുണ്ട്ലിയിൽ ഒരു സ്റ്റേജ് ഉണ്ട്. ഇപ്പോൾ അവിടെയുള്ളവരെ ഞങ്ങൾ മാറ്റിസ്ഥാപിക്കും, അവർ നാട്ടിലേക്ക് മടങ്ങും,” കെഎംഎസ്‌സി പ്രസിഡന്റ് സത്നം സിംഗ് പന്നു പറഞ്ഞു.

“അമൃത്സർ, ഗുരുദാസ്പൂർ, തരൺ തരൺ, ജലന്ധർ, ഹോഷിയാർപൂർ, ഫിറോസ്പൂർ, മോഗ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ സംഘത്തിലുണ്ട്. പരസ്പരം ഏകോപിപ്പിച്ച് അവർ ലുധിയാനയിലെ ഡോറഹയിലെ ദേശീയപാത 1ൽ വൈകുന്നേരം 5 മണിയോടെ ഒത്തുകൂടി. അവർ ചെറിയ ഗ്രൂപ്പുകളായി മുന്നോട്ട് പോകുന്നതിനാൽ ദേശീയപാതയിൽ തിരക്കില്ല,” ഗുരുദാസ്പൂരിലെ പിഡ്ഡി ഗ്രാമത്തിൽ നിന്നുള്ള പന്നു പറഞ്ഞു.

ട്രാക്ടർ ട്രോളികളിലായി 30,000 ത്തോളം പ്രതിഷേധക്കാർ എത്തുമെന്നും ബാക്കിയുള്ളവരുമായി 1,000 കാറുകൾ കൂടി വരുമെന്നുമാണ് കെ‌എം‌സി‌സി നേതാക്കൾ കണക്കാക്കുന്നത്. ഡൽഹിയിലേക്ക് പോകുന്ന പ്രതിഷേധക്കാരുടെയും വാഹനങ്ങളുടെയും എണ്ണം അവർ സൂക്ഷിക്കുന്നില്ലെന്ന് ജില്ലാ അധികൃതർ പറഞ്ഞു.

സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചു. കോർപറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതി കൊടുക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങളെന്ന് ഭാരതീയ കിസാൻ യൂണിയൻ ആരോപിച്ചു.

കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. “കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണം. കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. സാധാരണക്കാരുടെ അവകാശങ്ങൾ തടഞ്ഞ് പ്രതിഷേധിക്കരുത്. പ്രതിഷേധക്കാർ ചർച്ചയുടെ പാത സ്വീകരിക്കണം. വിശദമായ ചർച്ചയ്‌ക്ക് ശേഷം കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാണ്,” കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമാർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New convoy of over 1500 vehicles makes way from punjab to delhi

Next Story
ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിന് കാരണം ചൈനയുടെ ഏകപക്ഷീയ നീക്കം: ഇന്ത്യindia-china border, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com