ന്യൂഡൽഹി: ഉപഭോക്താവിന്റെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും വ്യവസ്ഥകളുള്ള ഉപഭോക്തൃ സംരക്ഷണ നിയമം-2019 (The Consumer Protection Act, 2019) തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നതായി  കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (Central Consumer Protection Authority – CCPA,) ഉപഭോക്തൃ സംരക്ഷണ കൗൺസില്‍ (Central Consumer Protection Council,) ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ (Consumer Disputes Redressal Commission,) മധ്യസ്ഥത (mediation,) ഉൽ‌പന്ന ബാധ്യത (product liability,) തെറ്റിധാരണാജനകമായ പരസ്യങ്ങള്‍ (misleading advertisements) ഉള്‍പ്പടെയുള്ളവ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.

1986 ലെ നിയമത്തിന് പകരമായുള്ള പുതിയ ഉപഭോക്തൃ സംരക്ഷണ ബിൽ കഴിഞ്ഞ വർഷമാണ് പാർലമെന്റ് അംഗീകരിച്ചത്. മായം ചേർക്കലിനും തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾക്കും ജയിൽ ശിക്ഷ ഉൾപ്പെടെ കർശനമായ പിഴകളോടെ ഉപഭോക്തൃ തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉള്ളത്.

“മുമ്പത്തെ നിയമത്തില്‍ ഉപഭോക്താക്കൾക്ക് നീതി ലഭിക്കുന്നതിനു വലിയ കാലതാമസം നേരിട്ടിരുന്നു.  പരമ്പരാഗത കച്ചവടക്കാര്‍ മാത്രമല്ല, ഓൺലൈൻ, ടെലി മാർക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉൾപ്പെടുത്തിയാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്,” കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞു.

പുതിയ നിയമം നടപ്പാക്കുന്നതിനുള്ള അറിയിപ്പ് വന്നിട്ടുണ്ട്. ഇ-കൊമേഴ്‌സ്, സി‌സി‌പി‌എ എന്നിവ സംബന്ധിച്ച നിയമങ്ങൾ വാരാന്ത്യത്തോടെ നോട്ടിഫൈ ചെയ്യപ്പെടും. ഡയറക്റ്റ് സെല്ലിംഗ് നിയമങ്ങള്‍ കുറച്ച് കൂടി സമയമെടുത്താവും നോട്ടിഫൈ ചെയ്യപ്പെടുക എന്നും ഉപഭോക്തൃകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

ഇ–കൊമേഴ്സ് കമ്പനികളിൽ നിന്നു വാങ്ങിയ ഉൽപന്നങ്ങൾ മടക്കി നൽകിയാൽ കാൻസലേഷൻ നിരക്ക് പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഓഫിസറെ നിയമിക്കണമെന്നുതുൾപ്പെടെയുള്ള പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.

ഇ-കൊമേഴ്‌സ് നിയമപ്രകാരം, വില, കാലഹരണപ്പെടൽ തീയതി, റിട്ടേൺ, റീഫണ്ട്, എക്സ്ചേഞ്ച്, വാറന്റി, ഗ്യാരണ്ടി, ഡെലിവറി, ഷിപ്പിംഗ്, പണമടയ്ക്കൽ രീതികൾ, പരാതി പരിഹാര സംവിധാനം, പേയ്‌മെന്റ് രീതികൾ, ചാർജ് ബാക്ക് ഓപ്ഷനുകൾ മുതലായവ വ്യക്തമാക്കണം.

വെബ്സൈറ്റിൽ നൽകുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാർഥ ഉത്പന്നവും വ്യത്യസ്തമാകരുത്. വിൽപനക്കാരിൽ നിന്നു ഉൽപന്നത്തിന്റെ വിശദാംശങ്ങൾ, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികൾ വാങ്ങിയിരിക്കണം.

ഇനി മുതൽ ജില്ലാ, സംസ്ഥാന കമ്മീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടാകും. ഇലക്ട്രോണിക് പരാതികൾ നൽകാനുള്ള വ്യവസ്ഥയാണ് മറ്റൊന്ന്. മധ്യസ്ഥതയ്ക്ക് പകരമുള്ള തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാനാവില്ല. അഞ്ച് ലക്ഷം രൂപ വരെയുള്ള കേസുകൾ ഫീസ് ഇല്ലാതെ ഫയൽ ചെയ്യാം.

ഉപഭോക്തൃ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയായ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിക്ക് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി അധ്യക്ഷനായും കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി വൈസ് ചെയർപേഴ്‌സണായും വിവിധ മേഖലകളിൽ നിന്നുള്ള 34 അംഗങ്ങളും അടങ്ങിയ സമിതി നേതൃത്വം നൽകുമെന്ന് പാസ്വാൻ പറഞ്ഞു.

മൂന്നുവർഷത്തെ കാലാവധിയുള്ള കൗൺസിലിൽ രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കു കിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളിൽ നിന്ന് ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള രണ്ട് മന്ത്രിമാരും ഉണ്ടായിരിക്കും.

Read More: വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് അപകടം; കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook