ന്യൂഡൽഹി: മഹാസഖ്യത്തെ പിളർത്തി നിതീഷ് കുമാർ എൻഡിഎ സഖ്യത്തിനെ കൂട്ടുപിടിച്ച് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. സാമ്പത്തിക ക്രമക്കേടിലാണ് ലാലുവിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുതിയ കേസെടുത്തത്.
ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കുന്പോൾ റെയിൽവേ കാറ്ററിംഗ് കരാർ സ്വകാര്യ ഹോട്ടലിനു നൽകി എന്ന കേസിലാണ് ലാലുവിനും ഭാര്യ റാബ്റി ദേവിക്കും മകൻ തേജസ്വി യാദവിനുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് ലാലുവിന്റെയും മകൻ തേജസ്വിയുടെയും വീട്ടിൽ സിബി.ഐ പരിശോധന നടത്തിയിരുന്നു.
ഇന്നലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചത്. അഴിമതി ആരോപണ വിധേയനായ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹചര്യത്തിലാണ് ജെ.ഡി.യു നേതാവ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ഇന്ന് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
നേരത്തെ ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാർ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആർജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തൊന്നും അംഗങ്ങളാണ് നിയമസഭയിലുള്ളത്.
ഇതിനിടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നതിന് അഭിനന്ദനമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ തീരുമാനത്തെ രാജ്യത്തെ നൂറുകോടി ജനങ്ങൾ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സത്യസന്ധതയെ പിന്തുണയ്ക്കുന്നുവെന്നും മോദി അറിയിച്ചു.