ന്യൂഡൽഹി: ആറുവർഷത്തെ പാക് തടവിൽ നിന്ന് മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ സോഫ്ട്‌വെയർ എൻജിനിയർ ഹമീദ് നിഹാൽ അൻസാരിക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ ഒരു ഉപദേശമാണുളളത്; ‘ഫെയ്സ്ബുക്കിലൂടെ ആരേയും പ്രണയിക്കരുത്’. അന്‍സാരിയും കുടുംബവും തങ്ങളുടെ വെര്‍സോരയിലുളള ഫ്ലാറ്റിലെത്തിയപ്പോള്‍ അയല്‍ക്കാര്‍ ഊഷ്ടമളമായ സ്വീകരണമാണ് നല്‍കിയത്.

‘സ്വാഗതം ഹാമിദ്’ എന്ന വാചകം എഴുതി ഫ്ലാറ്റിന്റെ ഗേറ്റില്‍ പരിസരവാസികള്‍ അലങ്കരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരും പ്രണയിക്കരുത്, മാതാപിതാക്കളോട് കള്ളം പറയരുത്, ഏതെങ്കിലുമൊരു രാജ്യത്തേയ്ക്ക് പോകുന്നതിനായി നിയമപരമല്ലാത്ത വഴികള്‍ സ്വീകരിക്കരുതെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹമീദ് വ്യക്തമാക്കുന്നു. ഇനി ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം ചെയ്ത് ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

കഴിഞ്ഞ ദിവസം അദ്ദേഹം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ടിരുന്നു. പാകിസ്ഥാനിലെ നരകയാതനകൾ മന്ത്രിയുമായി പങ്കുവച്ച് ഹമീദ് അൻസാരി വിതുമ്പി. അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം ഡൽഹിയിലെത്തിയ അൻസാരി മോചനത്തിനായി നയതന്ത്ര സമ്മർദ്ദം ചെലുത്തിയ കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറഞ്ഞു.

2012 ലാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് പോയ എൻജിനിയറായ അൻസാരിയെ (33) കാണാതായത്. അഫ്ഗാനിസ്ഥാനിൽ നിന്ന് പാക് അതിർത്തി കടന്ന അൻസാരിയെ പെഷവാറിൽ വച്ച് പാക് ഇന്റലിജൻസ് ചാരവൃത്തിക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വർഷം അനധികൃത തടവിൽ കഴിഞ്ഞശേഷം 2015ൽ പട്ടാളക്കോടതി മൂന്നുവർഷം തടവ് ശിക്ഷ വിധിച്ച് പെഷവാർ സെൻട്രൽ ജയിലിൽ അടച്ചു. ഈ മാസം 16നാണ് ശിക്ഷാ കാലാവധി അവസാനിച്ചത്

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ