ന്യൂഡൽഹി: ഓരോ വർഷവും വിദേശ നിക്ഷേപത്തിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നേടുന്നതെന്നും ഇന്ത്യയുടെ മുന്നേറ്റമെന്നാൽ വിശ്വസിക്കാവുന്ന ഒരു രാജ്യത്തിൽ നിക്ഷേപം നടത്താൻ അവസരം എന്ന് കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതിലും മികച്ചൊരു അവസരം ഉണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019-20 സാമ്പത്തിക വർഷത്തിൽ 74 ബില്യൺ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപം. ഈ മഹാമാരിക്കിടയിലും 20 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. ആഗോള സാമ്പത്തിക രംഗത്തിന് ശക്തിപകരേണ്ടതുണ്ട്.

Read More: ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി അയോധ്യയിൽ ഭൂമി പൂജയ്ക്കെത്തുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ്

ഇന്ത്യ അവസരങ്ങളുടെ നാടായി വളരുകയാണെന്ന് പറഞ്ഞ മോദി സാങ്കേതിക മേഖലയിൽ ഇന്ത്യയുടെ വളർച്ച ചൂണ്ടിക്കാട്ടി.

“ടെക് മേഖലയിൽ നിന്ന് ഒരു ഉദാഹരണം ഞാൻ തരാം. അടുത്തിടെ ഇന്ത്യയിൽ രസകരമായ ഒരു റിപ്പോർട്ട് പുറത്തുവന്നു. നഗരത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളേക്കാൾ കൂടുതൽ, ഇന്റർനെറ്റ് ഉപയോക്താക്കൾ ഗ്രാമത്തിലാണെന്ന്. സ്കെയിൽ സങ്കൽപ്പിക്കുക! അര ബില്യൺ സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോൾ ഇന്ത്യയിലുണ്ട്. 5 ജി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ഇൻറർനെറ്റ് ഓഫ് ടെക്നോളജി എന്നിവയിലെ അവസരങ്ങളും സാങ്കേതികവിദ്യയിലെ അവസരങ്ങളിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വർഷവും 22 ശതമാനം വളർച്ച നേടുന്നുണ്ട്. മരുന്നുൽപ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊർജ്ജ രംഗത്ത് അമേരിക്കൻ കമ്പനികൾ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുൻപെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നത്.

മറ്റൊരു രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന അമേരിക്കൻ നിക്ഷേപകരോട്, ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതിലും മികച്ചൊരു അവസരമില്ലെന്ന് മോദി പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. ആരോഗ്യ രംഗത്തും കാർഷിക-ഊർജ്ജ മേഖലകളിലും ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്.

ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളർച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണ് ആരോഗ്യരംഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. നാമെല്ലാവരും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി പരിശ്രമിക്കണം. വികസന അജണ്ടകൾ തയ്യാറാക്കുമ്പോൾ അതിന്റെ അടിസ്ഥാനം പാവപ്പെട്ടവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഉൾക്കൊള്ളുന്നതാവണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read in English: Never been a better time to invest in India, a nation you can trust: PM to US investors

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook