/indian-express-malayalam/media/media_files/uploads/2020/03/rajini-1.jpg)
ചെന്നൈ: താൻ ഒരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് മാറ്റം മാത്രമേ ആവശ്യമുള്ളൂവെന്നും സൂപ്പർ സ്റ്റാർ രജനീകാന്ത്. അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ. രണ്ടു വർഷം മുൻപാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്
വിദ്യാഭ്യാസവും അനുകമ്പയുമുള്ള യുവരക്തത്തെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ താൻ നിർദേശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പാർട്ടിയെ നയിക്കുമെന്ന നിലപാടിൽ നടൻ രജനീകാന്ത് ഉറച്ചുനിന്നു. പ്രസിഡന്റിന് ഭരണ സംവിധാനങ്ങളിൽ ഇടപെടാനാകില്ലെന്നും പാർട്ടിയിൽ യുവരക്തം ആവശ്യമാണെന്നും രജനീകാന്ത് പറഞ്ഞു. പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും രാഷ്ട്രീയത്തിൽ പ്രധാനമാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
"ഞാൻ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് രാഷ്ട്രീയത്തിൽ ഒരു മാറ്റം മാത്രമേ ആവശ്യമുള്ളൂ ... രാഷ്ട്രീയത്തിലും സർക്കാരിലും മാറ്റം സംഭവിച്ചില്ലെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല," 69 കാരനായ രജനീകാന്ത് ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ഭരണ സംവിധാനങ്ങൾ അങ്ങേയറ്റം അധഃപതിച്ചുവെന്നും രാഷ്ട്രീയത്തിൽ ഒരു മാറ്റം കൊണ്ടു വരാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നമ്മുടെ രാഷ്ട്രീയത്തിൽ രണ്ട് ശക്തരുണ്ടായിരുന്നു, ഒന്ന് ജയലളിത, ഒരാൾ കലൈഞ്ജർ (എം.കരുണാനിധി). ആളുകൾ അവർക്ക് വോട്ട് ചെയ്തു, പക്ഷേ ഇപ്പോൾ ഒരു ശൂന്യതയുണ്ട്. മാറ്റം വരുത്താൻ ഒരു പുതിയ പ്രസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു. കരുണാനിധിയും ജയലളിതയും ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും 2021ൽ തമിഴ്നാട്ടിൽ നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.