മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്കെതിരെ നടി കങ്കണ റണാവത്ത്. ഇരുവരും തമ്മിലുള്ള വാക്പോര് അതിരൂക്ഷമായി തുടരുകയാണ്. സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്നമാണ് ഉദ്ധവ് താക്കറെയെന്ന് കങ്കണ പരിഹസിച്ചു. കഴിഞ്ഞ ദിവസം കങ്കണയെ ഉദ്ധവ് വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് കങ്കണയുടെ പരിഹാസം.
‘എന്നെ അദ്ദേഹം ഇപ്പോൾ ഒറ്റുകാരിയെന്ന് വിളിക്കുന്നു. മുംബൈയിൽ അഭയം നൽകിയില്ലെങ്കിൽ മറ്റെവിടെയും എനിക്ക് അഭയം ലഭിക്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിങ്ങളെയോർത്ത് എനിക്ക് ലജ്ജ തോന്നുന്നു. നിങ്ങളുടെ മകന്റെ പ്രായമുള്ള ഒരാളാണ് ഞാൻ. സ്വന്തം അധ്വാനംകൊണ്ട് ഉയര്‍ന്നുവന്ന എന്നേപ്പൊലൊരു അവിവാഹിതയായ സ്ത്രീയോട് നിങ്ങള്‍ക്കെങ്ങനെ ഇപ്രകാരം സംസാരിക്കാൻ സാധിക്കുന്നു. മുഖ്യമന്ത്രീ, സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്നമാണ് നിങ്ങള്‍’, കങ്കണ ട്വീറ്റ് ചെയ്തു.
Read Also: തലൈവിയാകാൻ 20 കിലോ ശരീരഭാരം വർധിപ്പിച്ച് കങ്കണ
‘നിങ്ങളേപ്പോലെ ഞാന്‍ എന്റെ പിതാവിന്റെ സമ്പത്തോ അധികാരമോ ഉപയോഗിച്ചല്ല ജീവിക്കുന്നത്. സ്വജനപക്ഷപാതത്തിന്റെ ഉത്പന്നമാവണമായിരുന്നെങ്കില് എനിക്ക് ഹിമാചലില്‍തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു. വളരെ പ്രസിദ്ധമായ ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എനിക്ക് എന്റെ കുടുംബത്തിന്റെ സമ്പത്തോ ഔദാര്യമോ ആവശ്യമില്ല. ചില ആളുകൾക്ക് ആത്മാഭിമാനവും സ്വന്തം മൂല്യവും ഉണ്ടായിരിക്കും,’ കങ്കണ ആഞ്ഞടിച്ചു.
കങ്കണയുടെ പാക് അധീന കശ്മീർ പരാമർശവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം താക്കറെ രംഗത്തെത്തിയത്. സ്വന്തം കുടുംബത്തിൽ ഉപജീവനത്തിനു മാർഗമില്ലാത്തവർ മുംബെെയിൽ വരികയും നാടിനെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു എന്നായിരുന്നു താക്കറെ പറഞ്ഞത്. എന്നാൽ, കങ്കണയുടെ പേര് പരാമർശിച്ചിരുന്നില്ല.