നേപ്പാളിലെ പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പുറപ്പെട്ട യാത്രാവിമാനം തകർന്നുവീണതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ 9:55 മുതൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള ലെറ്റെ മലനിരകൾക്ക് സമീപം തകർന്നുവീണ നിലയിൽ കണ്ടെത്തിയത്. വിമാനത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 19 യാത്രക്കാരുണ്ടെന്നാണ് വിവരം.
“നേപ്പാൾ സൈന്യത്തിന് പ്രദേശവാസികൾ നൽകിയ വിവരമനുസരിച്ച്, താര എയർ വിമാനം മനാപതി ഹിമലിന്റെ സമീപം ലാംചെ നദീമുഖത്ത് തകർന്നുവീണു. നേപ്പാൾ സൈന്യം കരയിലൂടെയും വ്യോമമാർഗത്തിലൂടെയും അവിടേക്ക് നീങ്ങുകയാണ്,” നേപ്പാൾ ആർമി വക്താവ് നാരായൺ സിൽവാൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
9എൻ-എഇടി ട്വിൻ ഒട്ടർ വിമാനമാണ് അപകടത്തിൽപെട്ടത്. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമ്മൻ സ്വദേശികളും 13 നേപ്പാളികളും മൂന്ന് ജീവനക്കാരും വിമാനത്തിലുണ്ട്. ലെറ്റെ പാസിൽ വച്ചാണ് വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.
രക്ഷാപ്രവർത്തനം നടത്തുകയാണെന്നും വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എംബസി ഒരു എമർജൻസി ഹോട്ട്‌ലൈൻ നമ്പറും (+977-9851107021) നൽകിയിട്ടുണ്ട്.
മസ്താങ്ങിലെ കോവാങ് മേഖലയിൽ വിമാനം കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് മേധാവി പറഞ്ഞു.