കാഠ്മണ്ഡു: ആര്‍ത്തവ ദിനങ്ങളിൽ പെൺകുട്ടികൾ പശു തൊഴുത്തിൽ കിടക്കേണ്ടി വരുന്ന ദുരാചാരം നേപ്പാളിൽ 18കാരിയുടെ ജീവനെടുത്തിരിക്കുകയാണ്. നേപ്പാളിലെ ഒരു വലിയ വിഭാഗം ഇപ്പോഴും തുടര്‍ന്നു വരുന്ന ചൗപടി എന്ന ആചാരത്തിന്റെ പേരിലാണ് തുളസി ഷഗി എന്ന പെൺകുട്ടിക്ക് ജീവൻ നഷ്ടമായിരിക്കുന്നത്. അൽ ജസീറ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആര്‍ത്തവ ദിനങ്ങളിൽ സ്ത്രീകളെ വീടിനുള്ളിൽ പ്രവേശിപ്പിക്കാതെ പശുതൊഴുത്തിൽ കിടത്തുന്നതാണ് പരമ്പരാഗതമായ ഇവരുടെ ആചാരം. ഇത്തരത്തിൽ പുറത്ത് കിടക്കവെയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്. ഏകദേശം ഏഴ് മണിക്കൂറോളം തുളസി ജീവൻ മരണ പോരാട്ടത്തിലായിരുന്നു. തക്ക സമയത്ത് ചികത്സ കിട്ടാത്തതാണ് തുളസിയുടെ മരണ കാരണം. പാമ്പ് കടിയേറ്റ തുളസിയെ വീട്ടുകാര്‍ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രഥമ ശുശ്രൂഷ മാത്രമാണ് നൽകിയത്.

ഇത്തരം ആചാരങ്ങളെ തുടര്‍ന്ന് മുമ്പും പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ റോഷിനി തുരുവ എന്ന പെൺകുട്ടിക്ക് ആര്‍ത്തവ സമയത്ത് വീടിനു പുറത്ത് കിടക്കവെ തീ പിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടു. തീ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റായിരുന്നു റോഷിനി മരിച്ചത്. 21കാരിയായ മറ്റൊരു യുവതിയും ഇതേ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൗപടി എന്ന ദുരാചാരം അവസാനിപ്പിക്കണമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും ഇന്നും നേപ്പാളിൽ വലിയൊരു വിഭാഗം ഈ ആചാരത്തെ പിന്തുടരുന്നു എന്നതാണ് വാസ്തവം. ആർത്തവത്തിന്റെ പേരിലുള്ള ദുരാചാരങ്ങൾ പല രൂപത്തിലും ഭാവത്തിലും ലോകമൊട്ടുക്കും നടക്കുന്നുവെന്നതാണ് ചൗപടി കവർന്ന ജീവനുകൾ തെളിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ