കാഠ്മണ്ഡു: അഗ്നിപഥ് പദ്ധതി വഴി ഇന്ത്യന്‍ ആര്മിയിലിേക്ക് ഗൂര്‍ഖകളെ റിക്രൂട്ട് ചെയ്യുന്ന നടപടി നേപ്പാള്‍ നിര്‍ത്തിവച്ചു. 75 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നേപ്പാൾ ആർമിയുടെ ‘ഓണററി ജനറൽ’ റാങ്ക് സ്വീകരിക്കുന്നതിനായി രാജ്യത്ത് എത്താനിരിക്കെയാണ് നടപടി.
ഇരു രാജ്യങ്ങളിലെയും കരസേനാ മേധാവികൾ ഹോണററി ജനറലായി മാറുന്ന രീതി ഇന്ത്യൻ സൈന്യത്തിലെ ഗൂർഖ റിക്രൂട്ട്മെന്റിനോളം തന്നെ പഴക്കമുള്ളതാണ്. റാങ്ക് സ്വീകരിക്കുന്നതിനായി സെപ്തംബര്‍ അഞ്ചിനാണ് ജനറല്‍ മനോജ് പാണ്ഡെ നേപ്പാളില്‍ എത്തുന്നത്.
1947 നവംബർ ഒന്പതിന്ന് നേപ്പാളും ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ച ത്രികക്ഷി കരാറിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതല്ല അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി നാരായൺ ഖഡ്ക നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുമായും പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് നേപ്പാള്‍ അറിയിച്ചിരിക്കുന്നത്.
“പുതിയ ക്രമീകരണമായ അഗ്നീപഥ് പദ്ധതിയെപ്പറ്റി വിലയിരുത്തേണ്ടതുണ്ടെന്നും” ഖഡ്ക ശ്രീവാസ്തവയോട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രസ്തുത സാഹചര്യത്തില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്നലെയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കാനിരുന്നത്.
അഗ്നീപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെന്റിനായി സഹകരിക്കണമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ ആറ് ആഴ്ച മുന്‍പ് നേപ്പാളിനെ സമീപിച്ചിരുന്നു. 1947 ലെ വ്യവസ്ഥകളുമായി യോജിക്കുന്നതല്ല അഗ്നിപഥ് എന്ന നിലപാടില്‍ നേപ്പാള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇന്ത്യയിലെ യുവജനത ഉയര്‍ത്തിയ ആശങ്കകള്‍ തന്നെയാണ് നേപ്പാളും പ്രകടിപ്പിച്ചത്. നാല് വര്‍ഷത്തിന് ശേഷം ഗൂര്‍ഖകളുടെ ഭാവി സംബന്ധിച്ചുള്ള അരക്ഷിതാവസ്ഥ നേപ്പാള്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇത് അന്തിമതീരുമാനമല്ലെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയെ അറിയിക്കുമെന്നുമാണ് നേപ്പാളിന്റെ നിലപാട്.