ന്യൂഡല്‍ഹി: നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 68 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നേപ്പാള്‍ കരസേനാ വക്താവിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തില്‍ 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നതെന്നാണു പ്രാഥമിക വിവരം.
യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നതായി നേപ്പാള്‍ വിമാനത്താവള ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍നിന്നു നാല് പേര്, ദക്ഷിണ കൊറിയയില്‍നിന്നു രണ്ടു പേര്, അയര്‍ലന്‍ഡില്‍നിന്ന് ഒരാൾ എന്നിങ്ങനെയാണു മറ്റുുള്ള വിദേശികള്‍.
കാഠ്മണ്ഡുവില്‍നിന്ന് പൊഖാറയിലേക്കുള്ള യതി എയര്‍ലൈന്‍സിന്റെ എ ടി ആർ 72 വിമാനമാണ് ഇന്നു രാവിലെ പതിനൊന്നോടെ അപകടത്തില്‍പ്പെട്ടത്. വിമാനം പൂര്‍ണമായി കത്തിനശിച്ചതായാണു ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.
കാഠ്മണ്ഡുവില്‍നിന്ന് യാത്ര ആരംഭിച്ച് 20 മിനുറ്റിനുശേഷമാണ് അപകടം. പൊഖാറയ്ക്ക് കിലോ മീറ്ററുകള്‍ അകലെയാണു വിമാനം തകർന്നുവീണത്. പൂര്‍ണമായി കത്തി നശിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെയും ക്രൂം അംഗങ്ങളുടെയും ജീവന് രക്ഷിക്കാനാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും അടച്ചു.
“അതിജീവിച്ചവരുണ്ടോയെന്ന് ഞങ്ങൾക്ക് ഇപ്പോൾ വ്യക്തമല്ല,” യതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞതായി മറ്റൊരു വാർത്താ ഏജൻസിസായ എ എഫ് പി റിപ്പോർട്ട് ചെയ്തു.
അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹൽ ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
15 വര്‍ഷം പഴക്കമുള്ളതാണു തകര്‍ന്ന എ ടി ആര് 72 വിമാനമെന്നാണു ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ളൈറ്റ് റഡാര്‍ 24’ പറയുന്നത്.
എയര്‍ബസിന്റെയും ഇറ്റലിയിലെ ലിയോനാര്‍ഡോയുടെയും സംയുക്ത സംരംഭം നിര്‍മിച്ച് വ്യാപകമായി ഉപയോഗത്തിലുള്ള ഇരട്ട എന്ജിന് ടര്‍ബോപ്രോപ്പ് വിമാനമാണ് എ ടി ആര് 72.
നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായ യതി എയര്‍ലൈന്‍സിന് ആറ് എ ടി ആര് 72-500 വിമാനങ്ങളുണ്ടെന്നാെണു കമ്പനി വെബ്സൈറ്റ് വ്യെക്തമാക്കുന്നത്.