കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ഇന്ത്യ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെയാണ് കെ.പി.ശർമ്മ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. മൂന്ന് മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ അദ്ദേഹത്തോട് ആരോപണം തെളിയിക്കാനോ രാജിവയ്ക്കാനോ ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ സംസാരിച്ച പുഷ്പ കമൽ ദഹൽ പ്രചണ്ഢ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാംദേബ് ഗൌതം എന്നിവർ ഒലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കെതിരായ ഒലിയുടെ ആരോപണം തെറ്റാണെന്ന് പ്രചന്ദ തുടക്കത്തിൽ തന്നെ പറഞ്ഞു. “ഇന്ത്യയല്ല, ഞാൻ തന്നെയാണ് നിങ്ങളുടെ രാജി ആവശ്യപ്പെടുന്നത്. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം,” എന്ന് ദഹാൽ പറഞ്ഞതായാണ് വിവരം.
Read More: ഇന്ത്യയിലെ ആപ് നിരോധനത്തിനെതിരെ ചൈന; ഗുഡ് ബൈ പറഞ്ഞ് ‘ടിക്ടോക്’
ഒരു സൗഹൃദ രാജ്യത്തിനെതിരായാണ് ഒലി വിവേകശൂന്യവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരും വ്യക്തമാക്കി. തന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി.ശർമ്മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.
ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റുവമധികം വിമര്‍ശിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവയ്ക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു.
പാർട്ടി ഫോറത്തിന് പുറത്തും ഒലി വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്നതിന് ഒലി തെളിവ് നൽകണമെന്ന് മുൻ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പറഞ്ഞു. “ഇന്ത്യൻ എംബസി അദ്ദേഹത്തെ അട്ടിമറിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ അവരുടെ അംബാസഡറെ പുറത്താക്കാത്തത്?” അദ്ദേഹം ചോദിച്ചു.
അതേസമയം, നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള ദി റൈസിങ് നേപ്പാളിന് നൽകിയ അഭിമുഖത്തിൽ നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്കി, ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം.നരവാനെ നടത്തിയ പരാമർശത്തെ വിമർശിച്ചു.
Read More in English: Nepal party leaders tell PM Oli to prove India charge or resign