നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനവുമായി പ്രധാനമന്ത്രി കെപി ശർമ ഒലി. ഭരണകക്ഷിയായി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ (എൻസിപി) അധികാര സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത തീരുമാനം.
പാർട്ടി സഹ ചെയർമാനും വിമത നേതാവുമായ പുഷ്പ കമൽ ദഹൽ പ്രചണ്ടയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിറകെ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനായി പ്രസിഡന്റിനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒലിയുടെ പെട്ടെന്നുള്ള ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ-രാഷ്ട്രീയ വിദഗ്ധർ പറഞ്ഞു. “എക്സിക്യൂട്ടീവ് മേധാവി ഭരണഘടനയെ അട്ടിമറിക്കുകയാണ്,” എന്ന് പ്രശസ്ത ഭരണഘടനാ അഭിഭാഷകൻ ഡോ ഭീമർജുൻ ആചാര്യ പറഞ്ഞു.
പാർട്ടിയെ വിശ്വാസത്തിലാക്കാതെ ഈ ‘അങ്ങേയറ്റത്തെ ഭരണഘടനാവിരുദ്ധമായ നടപടി’ സ്വീകരിച്ചതിന് ഒലി വില നൽകുമെന്ന് എൻസിപിയുടെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ജൽനാഥ് ഖനാൽ പറഞ്ഞു.
ഇത് നേതാക്കളെ പുറത്താക്കാനും പ്രധാനമന്ത്രിക്കെതിരായ എതിർപ്പ് ഒഴിവാക്കാനും ഇടയാക്കുമെന്ന് കരുതുന്നതായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളും നേതാക്കൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.
പാർട്ടിയിലെ നിർണായക സമിതികളായ കേന്ദ്ര സെക്രട്ടേറിയറ്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി, കേന്ദ്രകമ്മിറ്റി എന്നിവയിൽ ഒലിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതും പാർട്ടിക്കെതിരേ വിമതർ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും ഭരണകക്ഷിയിലെ ആഭ്യന്തര കലഹം രൂക്ഷമാവാൻ കാരണമായിരുന്നു.
പ്രസിഡന്റിനെതിരായ ‘ഇംപീച്ച്മെന്റ്’ പ്രമേയത്തിനായി പ്രതിപക്ഷ എംപിമാർ ആലോചിച്ചിക്കുകയും ചെയ്തിരുന്നു. സഭയുടെ പിരിച്ചുവിട്ടതോടെ ഇത് തടയാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു.