കാഠ്മണ്ഡു: ചരക്കുകൈമാറ്റത്തിന് ഇനി നേപ്പാളിന് ഇന്ത്യൻ തുറമുഖങ്ങളെ മാത്രം ആശ്രയിക്കേണ്ട. ചൈനീസ് തുറമുഖങ്ങൾ വഴി ഇനി നേപ്പാളിന് കയറ്റുമതി-ഇറക്കുമതി ചെയ്യാനാകും. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടു. വ്യാഴാഴ്ച രാത്രിയിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.
നിലവിൽ ചരക്കുഗതാഗതത്തിന് ഇന്ത്യൻ തുറമുഖങ്ങളെയാണ് നേപ്പാൾ പൂർണമായും ആശ്രയിക്കുന്നത്. കൊൽക്കത്ത തുറമുഖം വഴിയാണ് നേപ്പാളിൽനിന്നും പ്രധാനമായും ചരക്കു കൈമാറ്റം നടക്കുന്നത്. ഇതിന് മൂന്നുമാസത്തോളം സമയം എടുക്കാറുണ്ട്. വിശാഖപട്ടണം തുറമുഖം വഴിയും നേപ്പാൾ കയറ്റുമതി, ഇറക്കുമതി നടത്താറുണ്ട്.
2015-16 കാലത്ത് ഇന്ത്യയുമായുണ്ടായ തർക്കം കാരണം ഗതാഗത തടസ്സം നേരിട്ടിരുന്നു. ആ സമയത്ത് ഇന്ധനം, മരുന്ന് ഉൾപ്പെടെയുളള അവശ്യവസ്തുക്കളെല്ലാം നേപ്പാളിൽ ക്ഷാമം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചൈന തുറമുഖം വഴി ഗതാഗതകൈമാറ്റം നടത്തുന്നതിനുളള ചർച്ചകൾക്ക് ആക്കം കൂട്ടിയത്. 2016 ൽ നേപ്പാൾ പ്രധാമന്ത്രി കെ.പി.ഓലി ചൈന സന്ദർശിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
പുതിയ കരാർ അനുസരിച്ച് ടിയാൻജിൻ, ഷെൻഷെൻ, ലിയാങ്ഗാങ് തുടങ്ങി ചൈനയുടെ എല്ലാ തുറമുഖങ്ങൾ വഴിയും നേപ്പാളിന് ചരക്കുകൈമാറ്റം നടത്താം. മാത്രമല്ല ചരക്ക് സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവ ഉപയോഗിക്കാനുള്ള അനുമതിയും നേപ്പാളിന് ചൈന നല്‍കിയിട്ടുണ്ട്. പുതിയ കരാറിലൂടെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യൻ രാജ്യങ്ങളിൽനിന്നും നേപ്പാളിലേക്കുളള ചരക്ക് കൈമാറ്റം ചൈനീസ് തുറമുഖങ്ങളിലൂടെയാവും.
അതേസമയം, മതിയായ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ചൈനീസ് തുറമുഖങ്ങൾ വഴിയുളള ഗതാഗതത്തിന് വെല്ലുവിളി ഉയർത്തുന്നതാണെന്ന് വ്യാപാരികൾ പറയുന്നു. നേപ്പാൾ അതിർത്തിയിൽനിന്നും 2,600 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുളള ചൈനീസ് തുറമുഖം. ചൈനീസ് തുറമുഖങ്ങളിലേക്ക് സുഗമമായ യാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ നേപ്പാൾ വികസിപ്പിക്കണം. അതല്ലെങ്കിൽ ചൈനീസ് തുറമുഖങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനാവില്ലെന്ന് ചണം കാർപെറ്റുകൾ കയറ്റുമതി ചെയ്യുന്ന അനൂപ് മല്യ പറഞ്ഞു.
അതേസമയം, വിവിധ നിക്ഷേപ പദ്ധതികളിലൂടെ നേപ്പാളിൽ കൂടുതൽ സ്വാധീനം ചെലുത്താനാണ് ചൈനയുടെ ശ്രമം. നേപ്പാളിനു മേൽ ഇന്ത്യയ്ക്കുളള സ്വാധീനം ചൈനയുടെ ഇടപെടലോടെ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. നേപ്പാളിലേക്ക് റെയിൽപാത നിർമ്മിക്കുന്നതിനെ ചൊല്ലി ബീജിങ്ങും കാഠ്മണ്ഡുവുമായും ചർച്ച നടക്കുന്നുണ്ട്.