കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്- പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സഖ്യം ചരിത്രവിജയത്തിലേക്ക്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നത്. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.

ദേശീയ പാര്‍ലമെന്റിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റില്‍ 52 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 43 സീറ്റും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിനാണ്. സിപിഎന്‍ യുഎംഎല്ലിന് 30 ഉം മാവോയിസ്റ്റ് സെന്ററിന് 13 ഉം സീറ്റ് ലഭിച്ചു.

നേപ്പാളി കോണ്‍ഗ്രസിന് ആറ് സീറ്റ് മാത്രമാണുള്ളത്. നൂറോളം സീറ്റിന്റെ ലീഡ് നില അറിഞ്ഞപ്പോള്‍ യുഎംഎല്‍ 54 സീറ്റിലും മാവോയിസ്റ്റ് സെന്റര്‍ 22 സീറ്റിലും മുന്നിലാണ്. നേപ്പാളി കോണ്‍ഗ്രസിന് 20 സീറ്റിലാണ് ലീഡ്. യുഎംഎല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ കെ പി ശര്‍മ ഓലി, മുന്‍ പ്രധാനമന്ത്രിയും യുഎംഎല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ്കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ എന്നിവരെല്ലാം വന്‍ ലീഡ് നേടിയിട്ടുണ്ട്.

രാഷ്ട്രീയ അനിശ്ചിതത്വം കാരണം വികസനം വഴിമുട്ടിയ രാജ്യത്ത് കഴിഞ്ഞ 11 വര്‍ഷത്തിനിടെ 10 പ്രധാനമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പല തിരഞ്ഞെടുപ്പുകളിലും പരസ്​പരം ഏറ്റുമുട്ടിയ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ചുനിന്നതോടെ സഖ്യത്തിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ