കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 14 മൃതദേഹങ്ങള്‍ രക്ഷാസംഘം പുറത്തെടുത്തതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്താങ് ജില്ലയിലെ തസാങ് മേഖലയിലാണ് താര എയറിന്റെ 9എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനം തകര്‍ന്നുകിടക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന നേപ്പാള്‍ കരസേന പുറത്തുവിട്ടു.
തസാങ് 2 പ്രദേശത്താണു വിമാനം തകര്‍ന്നുകിടക്കുന്നതെന്നും കാലാവസ്ഥ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ തിരച്ചില്‍ സംഘം ഉടന്‍ അവിടെയെത്തുമെന്നും നേപ്പാള്‍ കരസേന നേരത്തെ അറിയിച്ചിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. നേപ്പാള്‍ സൈനിക ഹെലികോപ്റ്ററും സ്വകാര്യ ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കെടുത്തതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു
43 വര്‍ഷം പഴക്കമുള്ളതാണു തകര്‍ന്ന വിമാനം. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ (125 മൈല്‍) കിഴക്കുള്ള വിനോദസഞ്ചാര നഗരമായ പൊഖാറയില്‍നിന്ന് പര്‍വത നഗരമായ ജോംസോമിലേക്കു പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.
20 മിനുട്ടുകൊണ്ട് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തേണ്ട വിമാനം ലാന്‍ഡിങ്ങിന് അല്‍പ്പസമയം മുന്‍പാണ് അപകടത്തില്‍ പെട്ടത്. പൊഖാറയില്‍നിന്ന് പ്രാദേശിക സമയം രാവിലെ 9:55നു പുറപ്പെട്ട വിമാനത്തില്‍നിന്നു 10:07 നാണ് അവസാന സിഗ്‌നല്‍ ലഭിച്ചതെന്നാണു വിമാനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫ്‌ളൈറ്റ് റഡാര്‍ 24.കോം പറയുന്നത്. ഈ സമയം 12,825 അടി (3,900 മീറ്റര്‍) ഉയരത്തിലായിരുന്നു വിമാനം. ആഴത്തിലുള്ള നദീതടങ്ങളും പര്‍വതനിരകളുമുള്ളതാണ് വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ജോംസോം മേഖല.
നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍കാരും ഉള്‍പ്പെടെ ആറ് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. വൈഭവി ബന്ദേക്കര്‍, അശോക് കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. വിവാഹബന്ധം വേര്‍പിരിഞ്ഞ അശോകും വൈഭവിയും രണ്ടു മക്കള്‍ക്കൊപ്പം ജോംസോം വിമാനത്താവളത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള വൈഷ്ണവ തീര്‍ഥാടന കേന്ദ്രമായ മുക്തിധാം ക്ഷേത്രം സന്ദര്‍ശിക്കാനാണു നേപ്പാളിലെത്തിയതെന്നാണ് മഹാരാഷ്ട്രയിലെ താനെ പൊലീസ് പറയുന്നത്.
വിമാനത്തിലുണ്ടായിരുന്ന മറ്റു 16 പേരില്‍ 13 പേര്‍ നേപ്പാള്‍ സ്വദേശികളും മൂന്നു പേര്‍ പൈലറ്റ് പ്രഭാകര്‍ ഗിമിയര്‍ ഉള്‍പ്പെടെയുള്ള ക്രൂ അംഗങ്ങളുമായിരുന്നു. പര്‍വത മേഖലകളില്‍ പറക്കുന്നതില്‍ ദീര്‍ഘകാല പരിചയമുള്ള നേപ്പാളിലെ ഏറ്റവും മുതിര്‍ന്ന വൈമാനിക പരിശീലകരില്‍ ഒരാളാണ് പ്രഭാകര്‍.
രക്ഷാപ്രവർത്തനം നടത്തുകയാണെന്നും വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എംബസി ഒരു എമർജൻസി ഹോട്ട്‌ലൈൻ നമ്പറും (+977-9851107021) നൽകിയിട്ടുണ്ട്.
Also Read: തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം