ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) തൊഴിൽ അന്വേഷകരെയെല്ലാം തൊഴിൽ സൃഷ്ടാക്കളാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയം, ഒരു നയമെന്നതിലുപരി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ സമാഹാരമാണെന്നും അദ്ദേഹം പറഞ്ഞു. സ്മാർട് ഇന്ത്യ ഹാക്കത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പ്രാദേശിക സംസ്കാരവും ഭാഷകളും ഉയർത്തിപിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നിടുത്ത്, പുതിയ വിദ്യാഭ്യാസ നയം പ്രാദേശികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആഗോള തലത്തിൽ സമന്വയിപ്പിക്കുന്നതുമാണ്. എൻ‌ഇ‌പി മികച്ച വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിൽ ക്യാംപസുകൾ സ്ഥാപിക്കാൻ അനുവദിക്കുന്നതാണ്. ഇത് ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: വിദ്യാഭ്യാസ നയം 2020: ആര്‍ എസ് എസിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രം

ഇന്ത്യയിലെ യുവാക്കളിൽ തനിക്ക് വലിയ വിശ്വാസമാണുള്ളത്. ഫെയ്സ് ഷീൽഡുകളുടെ ആവശ്യം പെട്ടെന്നു വർധിച്ചപ്പോൾ, യുവാക്കൾ 3ഡി പ്രിന്ററുകൾ ഉപയോഗിക്കുകയും ആവശ്യം നിറവേറ്റുകയും ചെയ്തു. ആത്മ നിർഭർ ഭാരത്തിന്റെ ഊർജമാണ് ഇന്ത്യയിലെ യുവാക്കളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also Read: ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ഫെഡറൽ ഘടനയെ തകർക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി

വിദേശ സര്‍വകലാശാലകള്‍ക്കു ക്യാംപസുകൾ സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നത് ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് വൻ മാറ്റവുമായാണ് എൻഇപി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന സംവിധാനം നിലവിൽ വരും. വിവിധ വിഷയങ്ങൾ ഉൾപ്പെട്ട നാലു വര്‍ഷ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം.

പുതിയ നിയമത്തിലൂടെ ലോകത്തെ മികച്ച 100 വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയത്തില്‍ പറയുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വിദൂര ക്യാംപസുകളുടെ എണ്ണത്തില്‍ വര്‍ധന നിര്‍ദേശിക്കുന്നതു കൂടിയാണു പുതിയ നയം. രാജ്യത്തിന്റെ ചരിത്രത്തിലെ, 1968 നും 1986 നും ശേഷമുള്ള മൂന്നാമത്തെ വിദ്യാഭ്യാസ നയമാണു പ്രഖ്യാപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook