ന്യൂഡല്‍ഹി: തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രചോദനമായത് നെല്‍സണ്‍ മണ്ടേലയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെല്‍സണ്‍ മണ്ടേലയുടെ 101-ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ഓര്‍മകള്‍ പുതുക്കി പ്രിയങ്കയുടെ ട്വീറ്റ്. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആദ്യം നിര്‍ദേശിച്ചത് നെല്‍സണ്‍ മണ്ടേലയാണെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് നെല്‍സണ്‍ മണ്ടേല ‘നെല്‍സണ്‍ അങ്കിള്‍’ ആയിരുന്നു എന്നും പ്രിയങ്കയുടെ വൈകാരികമായ കുറിപ്പില്‍ പറയുന്നുണ്ട്.

“നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കളെയാണ് ലോകം ഇന്നും ഏറ്റവും ആഗ്രഹിക്കുന്നത്. സത്യത്തിലും സ്‌നേഹത്തിലും സ്വാതന്ത്ര്യത്തിലും അടിയുറച്ച ജീവിത സംഹിതയായിരുന്നു അദ്ദേഹത്തിന്റേത്. എനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു. മറ്റാരേക്കാളും മുന്‍പ് എന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് പറഞ്ഞത് അദ്ദേഹമാണ്. മണ്ടേല എന്നും എനിക്ക് പ്രചോദനമായിരിക്കും, മാര്‍ഗദര്‍ശിയായിരിക്കും” – പ്രിയങ്ക ട്വീറ്റ് ചെയ്തു.

നെല്‍സണ്‍ മണ്ടേലക്കൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്കയുടെ ട്വീറ്റ്. 2001 ല്‍ തന്റെ മകന്റെ ഫാന്‍സി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.  മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. ഭാരതരത്‌നം നല്‍കി 1990 ല്‍ സര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു. 1993ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം പങ്കിട്ടു. 27 വർഷം ജയിൽ വാസം അനുഭവിച്ചിട്ടുള്ള നേതാവ് കൂടിയാണ് മണ്ടേല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കൊപ്പവും സ്വതന്ത്രമായും നിരവധി പ്രചാരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുത്തിരുന്നു.  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി രാജിവച്ച സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി പുതിയ അധ്യക്ഷയാകണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook