പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ താല്പര്യമില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചത് കൊണ്ട് ആര്‍എസ്എസിന് പ്രത്യേക പദ്ധതികളില്ലെന്നും ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്രമമില്ലാതെ കര്‍മ്മനിരതനായിരിക്കുക എന്നതാണ് തന്റെ മന്ത്രമെന്നും കേന്ദ്രമന്ത്രി ഗഡ്കരി വ്യക്തമാക്കി. രാഷ്ട്രീയത്തിലും ജോലിയിലും പ്രത്യേക ലക്ഷ്യങ്ങളോ കണക്കുകൂട്ടലുകളോ തനിക്കില്ലെന്നും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുകയാണ് തന്റെ കടമയെന്നും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങൾക്ക് മറ്റെല്ലാറ്റിനും മുകളിൽ രാജ്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാന്‍ ആര്‍എസ്എസിനുള്ളില്‍ നീക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗഡ്കരിയുടെ പ്രതികരണം.