scorecardresearch
Latest News

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആഗ്രഹിച്ച നെഹ്റു വർഗീയവാദിയായിരുന്നോ?: കോൺഗ്രസിനോട് മോദി

തന്റെ പ്രസംഗം തടസപ്പെടുത്താനുളള രാഹുൽ ഗാന്ധിയുടെ ശ്രമത്തെ ട്യൂബ് ലൈെറ്റ് എന്ന പരിഹാസപ്രയോഗവുമായാണു മോദി നേരിട്ടത്

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആഗ്രഹിച്ച നെഹ്റു വർഗീയവാദിയായിരുന്നോ?: കോൺഗ്രസിനോട് മോദി

ന്യൂഡൽഹി: കോൺഗ്രസിന്റെ പാതയാണ് ബിജെപി സർക്കാർ പിന്തുടർന്നിരുന്നതെങ്കിൽ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ തങ്ങൾക്കൊരിക്കലും നിറവേറ്റാൻ കഴിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയത്, മുത്തലാഖ് വിഷയം, അയോധ്യ തർക്കം, കർതാർപൂർ ഇടനാഴി, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി തർക്കം ഇയൊക്കെ പരിഹരിച്ചത് ഞങ്ങൾ നിങ്ങൾക്കു മുന്നേ നടന്നതുകൊണ്ടാണെന്ന് മോദി പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുളള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണു മോദി വിമർശിച്ചത്. ”സിഎഎയ്ക്കെതിരെ മുസ്‌ലിങ്ങളെ വഴിതിരിച്ചുവിട്ട് രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമം. മുസ്‌ലിങ്ങൾ കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ്. അവർ ഇന്ത്യയിലെ മുസ്‌ലിങ്ങളെ മുസ്‌ലിമുകളായി മാത്രമാണ് കണ്ടത്. പക്ഷേ ഞങ്ങൾ അവരെ ഇന്ത്യക്കാരായാണ് കണക്കാക്കുന്നത്,” മോദി പറഞ്ഞു. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും – ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, ജൈനന്മാർ, സിഖുകാർ, ക്രിസ്ത്യാനികൾ… ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു, ആറു മാസത്തിനുളളിൽ യുവാക്കൾ വടികൊണ്ട് എന്നെ മർദിക്കുമെന്ന്. കൂടുതൽ സൂര്യ നമസ്കാരവും വ്യായാമവും ചെയ്ത് ഞാനെന്റെ ശരീരം കൂടുതൽ പാകപ്പെടുത്താൻ തീരുമാനിച്ചു, അതിലൂടെ ഒരുപാട് വടികൾ കൊണ്ടുളള അടിയേൽക്കാനും എന്റെ പുറം ശക്തമാകുമെന്ന് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.

Read Also: കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു; കൂറുമാറി ബിജെപിയിലെത്തിയ 10 പേര്‍ മന്ത്രിമാരായി

ഇതിനു മറുപടി പറയാൻ രാഹുൽ ഗാന്ധി ശ്രമിച്ചപ്പോൾ പരിഹാസവാക്കുകൾ കൊണ്ടാണ് മോദി നേരിട്ടത്. ”ഞാൻ കഴിഞ്ഞ 30-40 മിനിറ്റായി സംസാരിക്കുന്നു, പക്ഷേ വൈദ്യുതി ഇവിടെ വരെയെത്താൻ ഇത്രയും സമയമെടുത്തു.ട്യൂബ്‌ലൈറ്റുകൾ ഇങ്ങനെയാണ്” രാഹുലിനെ കളിയാക്കിക്കൊണ്ട് മോദി പറഞ്ഞു.

”പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ജവഹർലാൽ നെഹ്റു ആഗ്രഹിച്ചു. അദ്ദേഹം വർഗീയവാദിയായിരുന്നോ? അദ്ദേഹം ഈ രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നോ?”. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിയായ ലിയാഖത്ത് കരാറിനെ പരാമർശിച്ച് മോദി പറഞ്ഞു.

പ്രക്ഷോഭം നടത്തുന്നത് ആളുകളുടെ അവകാശമാണ്, പക്ഷേ അത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലേക്കും അക്രമം നടത്തുന്നതിലേക്കും നീങ്ങരുതെന്ന് ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ പരോക്ഷമായി പരമാർശിച്ച് മോദി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nehru wanted to protect minorities in pakistan was he communal ask narendra modi