തിരുവന്തപുരം: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നല്‍കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ. സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തില്‍നിന്ന് നല്‍കുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ.
കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂര്‍, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കും.
രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. ആകെ 20 ലക്ഷത്തിലധികം കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.