ന്യൂഡൽഹി: 2021-22ലെ നീറ്റ്-പിജി (അഖിലേന്ത്യ ക്വാട്ട) പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനം സംവരണവും മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണവും നടപ്പാക്കാൻ സുപ്രീം കോടതി അനുമതി നൽകി. അജയ് ഭൂഷൺ പാണ്ഡെ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കാനും ഈ വർഷത്തേക്ക് മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷമായി നിലനിർത്താനും കോടതി തീരുമാനിച്ചു.
ഒബിസി സംവരണം സർക്കാർ നിശ്ചയിച്ച പ്രകാരം തന്നെ നടപ്പിലാക്കാം. അതിനു പൂർണ അംഗീകാരമാണ് കോടതി നൽകിയിരിക്കുന്നത്. എന്നാൽ മുന്നാക്ക സംവരണത്തിന്റെ താൽക്കാലിക ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ മാനദണ്ഡം ശരിയാണോ എന്നത് കോടതി വീണ്ടും പരിശോധിക്കും.
ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ ഇന്നലെ വാദങ്ങൾ പൂർത്തിയാക്കി ഇന്നത്തേക്ക് വിധിപറയാൻ മാറ്റിവയ്ക്കുകയായിരുന്നു.
ഹർജികളിൽ വിധി വരാത്തതിനാൽ നീറ്റ്-പിജിയുടെ കൗൺസലിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ദേശീയ താൽപ്പര്യം മുൻനിർത്തി ഉടൻ കൗൺസിലിങ് ആരംഭിക്കണമെന്ന് ഇന്നലെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
Also Read: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം: സുരക്ഷ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചു
അതേസമയം, മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ ഈ വർഷം മാറ്റം വരുത്താനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.