ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഇനി മുതൽ കീഴ്‌ക്കോടതികൾ വിധി പറയേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു. ജൂൺ 26 ന് മുൻപ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ നടന്ന പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ലെന്ന കാരണം കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഇത് പരിഗണിച്ച കോടതി നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവയ്ക്കുകയായിരുന്നു. മെയ് 26 ന് പുറപ്പെടുവിച്ച വിധിയാണ് ഇതോടെ സുപ്രീം കോടതി തള്ളിയത്.

11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ എഴുതിയത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ ബംഗാളി, തമിഴ്, തെലുഗു, മറാത്തി, അസമീസ്, ഗുജറാത്തി, ഒറിയ, കന്നഡ എന്നീ ഭാഷകളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു.

പ്രാദേശിക ഭാഷകളിലെ ചോദ്യപേപ്പറുകൾ ഇംഗ്ലീഷ് ചോദ്യപേപ്പറിനേക്കാൾ കടുപ്പമേറിയവയാണെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ ഉന്നയിച്ച ഹർജിയിൽ വാദിച്ചത്. ഇതിനെതിരെ സിബിഎസ്ഇ വാദിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ഫലം പ്രഖ്യാപിക്കുന്നത് തടയുകയായിരുന്നു.

എട്ട് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ചോദ്യ പേപ്പറുകളാണ് ലഭിച്ചത്. 11,38,890 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. റിസല്‍ട്ട് ജൂണ്‍ എട്ടിന് പ്രസിദ്ധീകരിക്കും എന്നായിരുന്നു നോട്ടിഫിക്കേഷന്‍ നല്‍കിയത്. മാറിയ സാഹചര്യത്തിൽ ജൂൺ 26 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയിരിക്കുന്നത്.

സമാനമായ വാദമാണ് ഗുജറാത്ത് ഹൈക്കോടതിയിലും ഉന്നയിക്കപ്പെട്ടത്. ഗുജറാത്തി ഭാഷയിലെ ചോദ്യപേപ്പറും ഇംഗ്ലീഷ് ചോദ്യപേപ്പറിനേക്കാൾ കടുപ്പമേറിയതാണെന്ന വാദമാണ് ഉന്നയിച്ചത്. ഗുജറാത്ത് ഹൈക്കോടതിയും നീറ്റ് പരീക്ഷ ഫലം റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ