കോയമ്പത്തൂർ: മെഡിക്കൽ പ്രവേശനം കിട്ടാതിരുന്ന ദലിത് പെൺകുട്ടി അനിതയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവിധ മേഖലയിലെ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രമന്ത്രി ഹർഷവർധന്റെ തമിഴ്നാട് സന്ദർശനം മാറ്റിവച്ചു.

ദേശീയ ഹരിതട്രൈബ്യൂണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ചെന്നൈയിൽ എത്താനിരുന്നതായിരുന്നു കേന്ദ്രമന്ത്രി. മറ്റ് തിരക്കുകൾ ഉള്ളതിനാൽ യാത്ര റദ്ദാക്കിയെന്നാണ് വിശദീകരണം. ഇതിനിടെ, അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നീറ്റിനെതിതിരെ സുപ്രീംകോടതിയെ സമീപിച്ച അരിയല്ലൂര്‍ ജില്ലയിലെ കഴുമുറൈ സ്വദേശി അനിതയാണ് ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്കോടെയായിരുന്നു അനിത വിജയിച്ചത്. സ്‌കൂളിലെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ച വിദ്യാർഥിയായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ