ഓര്‍മയില്ലേ അനിതയെ. നീറ്റ് പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച, ഒടുവില്‍ മെഡിക്കല്‍ പ്രവേശനം നിരസിക്കപ്പെട്ടു, ജീവനൊടുക്കിയ പെണ്‍കുട്ടിയെ. തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയില്‍ നിന്നുള്ള അനിത പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചിരുന്നു. 1,200ൽ 1,176 മാർക്ക് നേടിക്കൊണ്ടായിരുന്നു വിജയം.
അനിതയുടെ വിയോഗം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍, നീറ്റ് പരീക്ഷയില്‍ തമിഴ്‌നാട്ടിലെ തന്നെ ഒരു വിദ്യാര്‍ഥി നേടിയ വിജയം ശ്രദ്ധേയമാകുന്നു. തേനി ജില്ലയിലെ എൻ ജീവീത്കുമാർ ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷയിൽ (നീറ്റ്) 720 ൽ 664 മാർക്ക് നേടി. 1,823 എന്ന അഖിലേന്ത്യാ റാങ്ക് നേടിയ ഈ യുവാവ് രാജ്യത്തുടനീളമുള്ള സർക്കാർ-സ്കൂൾ സ്ഥാനാർത്ഥികൾക്കിടയിൽ ഉയർന്ന റാങ്കും കരസ്ഥമാക്കി.
ആടിനെ വളര്‍ത്തി ജീവനോപാധി കണ്ടെത്തുന്ന അച്ഛന്റെയും എംജിഎൻആർജിഎ ജോലിക്കാരിയായ അമ്മയുടെയും മകന്‍. തേനി ജില്ലയിലെ പെരിയകുളത്തിനടുത്തുള്ള സിൽവർപട്ടി സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ജീവിത് കുമാര്‍, പന്ത്രണ്ടാം ക്ലാസിൽ 548 മാര്‍ക്ക് നേടിയ ജില്ലാ ടോപ്പറായിരുന്നു. നീറ്റ് പരീക്ഷ എഴുതുന്നതിനുള്ള ജീവിത്തിന്റെ രണ്ടാമത്തെ ശ്രമമാണിത്. നേരത്തെ, സർക്കാർ സംഘടിപ്പിച്ച 45 ദിവസത്തെ നീറ്റ് കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത് നീറ്റ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടിരുന്നു.
മുൻ സർക്കാർ സ്‌കൂൾ അധ്യാപികയായ ശബരിമല ജയകാന്ദന്‍ ആണ് ജീവിത്കുമാറിന്റെ വിജയഗാഥയുടെ ശില്പി.
അനിതയ്ക്ക് നീതി കിട്ടാനായി നടത്തി വന്ന നിരാഹാര സമരം പോലീസ് ഇടപെട്ടു നിർത്തി വച്ചതിനെത്തുടർന്ന് തന്റെ ജോലി ഉപേക്ഷിച്ച അവര്‍, കഴിഞ്ഞ മൂന്ന് വർഷങ്ങളായി തമിഴ്നാട്ടിലെ നിരവധി സ്കൂള്‍-കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തി പരീക്ഷാ വിജയം നേടാന്‍ സഹായിക്കുകയായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘പെൻ വിടുതലൈ കച്ചി’ എന്ന പാർട്ടിയുടെ സ്ഥാപക കൂടിയാണ് ശബരിമല ജയകാന്ദന്‍.

Read Here: 720/720; ഇത് മെഡിക്കല്‍ പ്രവേശനത്തിലെ ചരിത്രവിജയം
കഴിഞ്ഞ രണ്ട് വർഷമായി തമിഴ്നാട്ടിലെ വലിയ ചർച്ചാവിഷയമായിരുന്ന നീറ്റ് പ്രവേശന പരീക്ഷയിൽ ജീവിത്കുമാർ നേടിയ വിജയത്തെക്കുറിച്ച് അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിച്ചു.
“രാജി വച്ചതിനു ശേഷം, തമിഴ്‌നാട്ടിലെ നിരവധി സ്‌കൂളുകളും കോളേജുകളും സന്ദർശിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും കുട്ടികള്‍ക്ക് അവരുടെ സ്വപ്നം എങ്ങനെ നേടാം എന്നതിനെക്കുറിച്ചും നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിലാണ് സിൽവർപട്ടി സർക്കാർ സ്‌കൂളിലെ പാർട്ട് ടൈം അധ്യാപകനായ അരുൾ മുരുകൻ എന്നെ സമീപിച്ചത്. സിലബസ് നൽകിയാൽ നീറ്റ് പ്രവേശനം നേടാം എന്ന് ആത്മവിശ്വാസമുള്ള ഒരു കുട്ടി അവരുടെ സ്കൂളിൽ ഉണ്ട്, അവന്‍ പൊതു പരീക്ഷകളിൽ വളരെ മികച്ച മാർക്ക് നേടിയിട്ടുണ്ടെന്നും മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഞാൻ ഉടനെ അവിടെ പോയി ജീവിത്കുമാറിനോടും മാതാപിതാക്കളോടും സംസാരിച്ചു. അവരുടെ അവസ്ഥ നേരില്‍ കണ്ട് അവരെ എങ്ങനെ സഹായിക്കാമെന്ന് വിലയിരുത്തി. നീറ്റില്‍ എത്ര സ്കോർ ചെയ്യാനാകുമെന്ന് ഞാൻ ചോദിച്ചതിനു 650 ൽ കൂടുതൽ സ്കോർ ചെയ്യുമെന്നു ജീവിത് മറുപടി നൽകി. താൻ ഡോക്ടറാകുകയാണെങ്കിൽ മറ്റ് സർക്കാർ സ്കൂൾ വിദ്യാർത്ഥികളെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും അനിതയുടെ ജന്മഗ്രാമമായ കുഴുമൂരിലേ ജനങ്ങളെ സേവിക്കുമെന്നും ജീവിത് വാഗ്ദാനം ചെയ്തു,” ശബരിമല ജയകാന്ദന്‍ പറഞ്ഞു.
ജീവിത്തിന്റെ അദ്ധ്യാപകൻ അരുൾ മുരുകൻ, സിൽവർപട്ടി സ്‌കൂൾ ഹെഡ്മാസ്റ്റർ മോഹൻ എന്നിവരും അവന്റെ വിജയത്തിനായി വളരെയധികം സംഭാവനകൾ നൽകി. ലോക്ക്ഡൌണ്‍ മൂലം കോച്ചിംഗ് സെന്റർ മുരുകൻ കാലുകുത്തി ജീവിത്തിനെ തന്റെ കൂടെ കൂട്ടുകയായിരുന്നു. പ്രതിമാസം 7,000 രൂപ മാത്രം വരുമാനമുള്ള മുരുകൻ, ഗ്രാമത്തിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും ജീവിത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അവനു അസുഖം ബാധിച്ച രണ്ട് അവസരങ്ങളിൽ മുരുകൻ അവനെ ആശുപത്രിയിലെത്തിച്ചു.

Read Here: നിശ്ചയദാര്‍ഡ്യത്തിനു പേര് ആയിഷ; നീറ്റ് പരീക്ഷയിലെ കേരളത്തിലെ ഒന്നാം റാങ്കുകാരി
നീറ്റ് പരീക്ഷയില്‍ ക്വാലിഫൈ ചെയ്യപ്പെട്ടുവെങ്കിലും, മെഡിക്കൽ കോളേജിലെക്കുള്ള ഫീസ് ജീവിതത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക ശേഷിക്ക് അതീതമായാതിനാല്‍ ഡോക്ടര്‍ ആവുക എന്ന അവന്റെ സ്വപ്നം വിദൂരമായി തന്നെ തുടരുന്നു.
“ദില്ലി എയിംസിലേക്ക് പഠിക്കാന്‍ പോവുക എന്നതാണ് ജീവിത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രധാനാധ്യാപകനും മറ്റ് രണ്ട് അദ്ധ്യാപകരും സ്കൂൾ ഫീസ് ക്ലിയർ ചെയ്യാൻ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ നീറ്റ് കോച്ചിംഗിനായി ഞങ്ങൾ ഫണ്ട് സ്വരൂപിച്ചു, പക്ഷേ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ അടുത്ത ഘട്ടത്തിന് ഞങ്ങൾക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്,” ശബരിമല ജയകാന്ദന്‍ പറഞ്ഞു.
വെള്ളിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അവര്‍ ഇങ്ങനെ പറഞ്ഞു.
“കഴിഞ്ഞ വർഷം ഇതേ സ്കൂളിന് മുന്നിൽ വച്ച് ഞാൻ ജീവിത്കുമാറിനോട് പറഞ്ഞു, ഞാന്‍ പിന്തുണയ്ക്കാൻ തയ്യാറാണെന്നും എനിക്ക് എന്ത് വാഗ്ദാനമാണ് നല്കാനുള്ളതെന്നും. നീറ്റ് പരീക്ഷയിൽ 650 ന് മുകളിൽ സ്കോർ ചെയ്യുമെന്ന് ജീവിത് പറഞ്ഞു. ഞങ്ങൾ അവനെ നാമക്കലിലെ ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിൽ ചേർത്തു. അമേരിക്കയിൽ നിന്നുള്ള ഞങ്ങളുടെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനായി 75,000 രൂപ തന്നു സഹായിച്ചു. അതു പോലെ, ടീച്ചർ അരുൾ മുരുകൻ, സിൽവർപട്ടി സ്‌കൂൾ ഹെഡ്മാസ്റ്റർ മോഹൻ തുടങ്ങി നിരവധി പേർ ഈ കുട്ടിയെ സഹായിക്കാൻ രംഗത്തെത്തി. സിലബസ് നൽകിയാൽ നല്ല മാർക്ക് നേടുമെന്ന് ജീവിത് പറഞ്ഞു. വാഗ്ദാനം ചെയ്ത പോലെ, നീറ്റിൽ 664 മാർക്ക് നേടി. ഗ്രാമീണ വിദ്യാർത്ഥികൾക്കും സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കും തീർച്ചയായും ഈ പരീക്ഷയിൽ പങ്കെടുക്കാനും വിജയിക്കാനും കഴിയും എന്നതിന്റെ ഒരു ഉദാഹരണമാണ് ജീവിത്. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇതു വരെ 18 വിദ്യാർത്ഥികളാണ് ജീവിതം അവസാനിപ്പിച്ചത്. ജീവിത്കുമാറിന്റെ വിജയത്തോടെ ഇതിനു ഒരു അവസാനമുണ്ടാകട്ടെ. ജീവിത്കുമാറിന് വിജയിക്കാൻ കഴിയുമെങ്കിൽ, ഏതു സർക്കാർ സ്കൂൾ കുട്ടികൾക്ക് ഇത് ചെയ്യാൻ കഴിയും.”