ന്യൂഡൽഹി:​ഉന്നത പഠനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2017) ന്റെ പ്രായപരിധി സംബന്ധിച്ച കേസിൽ അന്തിമ വിധി സുപ്രീം കോടതി മാർച്ച് 31ന് പറയും. മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാനുള്ള പ്രായപരിധി 25 ആക്കി കുറച്ചതിനെതിരെ നിരവധി പരാതികളാണ് സുപ്രീം കോടതിയിൽ പരിഗണനയിലുള്ളത്.

അതേസമയം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ച ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ തെറ്റുതിരുത്തൽ കമ്മിറ്റി പ്രായപരിധി നീക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ.സി.വി.ഭീമാനന്ദം ഈ നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേരത്തേ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. “പ്രായപരിധി ഏർപ്പെടുത്തുന്നത് രാജ്യത്ത് ഡോക്ടർമാരുടെ എണ്ണം കുറയ്ക്കാൻ മാത്രമേ സഹായിക്കൂവെന്ന് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായും ഇതുമായി മുന്നോട്ട് പോകാൻ മെഡിക്കൽ കൗൺസിലിനോട് ശിപാർശ ചെയ്തിരുന്നു”വെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ മറ്റൊരു ഹർജി അലഹബാദ് ഹൈക്കോടതിയിലും പരിഗണനയിലുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് വരാനാഗ്രഹിക്കുന്ന 20000 ൽ അധികം 25 വയസ് പിന്നിട്ട ആളുകളുണ്ടെന്ന് ഹർജി സമർപ്പിച്ചവരിൽ ഒരാളായ സാമൂഹ്യപ്രവർത്തകൻ ഡോ.ആനന്ദ് റായ് വ്യക്തമാക്കി. എന്നാൽ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതിയായിരുന്ന മാർച്ച് ഒന്നിന് മുൻപ് ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചവർക്കെല്ലാം പ്രായപരിധിയിൽ ഇളവ് ലഭിക്കുമെന്നായിരുന്നു കോടതിയുടെ വിധി. “ഇത് കോടതിയെ സമീപിക്കാൻ കഴിയാത്ത വിദ്യാർത്ഥികളോടുള്ള നീതികേടാണെന്നും ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിധി നിരാരാക്കിയെന്നും” അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്ക് ജനവരിയിൽ സിബിഎസ്ഇ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴാണ് പ്രായപരിധിയിൽ മൂന്ന് തവണ മാത്രമേ പരീക്ഷയെഴുതാൻ സാധിക്കൂവെന്ന നിബന്ധനയും വന്നത്. വിദ്യാർത്ഥികളിൽ നിന്ന് ഈ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ 2017 ലെ നീറ്റ പരീക്ഷ ഈ നിബന്ധനകൾ വിധേയമായ ആദ്യത്തെ പരീക്ഷയായി പരിഗണിച്ചു. ഇതോടെയാണ് തർക്കം സുപ്രീം കോടതിയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ