scorecardresearch

‘നമുക്ക് ബിജെപിയോട് പോരാടാം, പക്ഷേ രാമനോടോ?’ ഇതായിരുന്നു നരസിംഹറാവുവിന്റെ ധർമ്മസങ്കടം

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അടുത്ത് നിന്ന കണ്ട ഇന്ത്യൻ എക്സ്‌പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്ററായ നീരജാ ചൗധുരിയുടെ റിപ്പോർട്ടേഴ്സ് നോട്ട് ബുക്കിൽ നിന്നുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും സമന്വയമായ 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകത്തെ കുറിച്ച്

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അടുത്ത് നിന്ന കണ്ട ഇന്ത്യൻ എക്സ്‌പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്ററായ നീരജാ ചൗധുരിയുടെ റിപ്പോർട്ടേഴ്സ് നോട്ട് ബുക്കിൽ നിന്നുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും സമന്വയമായ 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകത്തെ കുറിച്ച്

author-image
Manoj C G
New Update
Neerja Chowdhury| Neerja Chowdhury How Prime Ministers Decide| നീരജ ചൗധരി

How Prime Ministers Decide by Neerja Chowdhury

ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെ പൊളിറ്റിക്കൽ എഡിറ്ററായിരിക്കെ നീരജ ചൗധുരി കഴിഞ്ഞ ദശാബ്ദങ്ങളിൽ നടത്തിയ ആഴമേറിയ റിപ്പോർട്ടിങ്ങിന്റെ അറിവുകളുടെയും അനുഭവങ്ങളുടെയും സമന്വയമാണ് അലെഫ് പ്രസിദ്ധീകരിച്ച 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകം - മുൻ പ്രധാനമന്ത്രിമാരുടെ ഏറ്റവും വിശ്വസ്തരായ ചിലരുടെ വിവരണങ്ങളും സന്ദർഭവും കാഴ്ചപ്പാടും ഈ പുസ്തകത്തിൽ വായിക്കാം. ആറ് പ്രധാനമന്ത്രിമാർ - ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി പി സിങ്, നരസിംഹ റാവു, എ ബി വാജ്‌പേയി, മൻമോഹൻ സിങ് - സമകാലിക ഇന്ത്യയെ രൂപപ്പെടുത്തിയ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തതെങ്ങനെയെന്നും രാഷ്ട്രീയവുമായി അവരുടെ വ്യക്തിത്വം എങ്ങനെ മങ്ങിപ്പോകുന്നു എന്നതിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നു.

സഞ്ജയ് ഗാന്ധിയുടെ മരണം, ഇന്ദിരാ ഗാന്ധിയുടെ ചാമുണ്ഡീ ദേവി ദർശനം

Advertisment

ഹിമാചൽ പ്രദേശിലെ പാലംപൂരിലുള്ള ചാമുണ്ഡാ ദേവി ക്ഷേത്രത്തിൽ 1980 ജൂൺ 22ന് ഇന്ദിരാ ഗാന്ധി പോകേണ്ടതായിരുന്നു, പക്ഷേ, അവരുടെ ആ പരിപാടി അവസാന നിമിഷം റദ്ദാക്കി. മോഹൻ മീകിൻ ഗ്രൂപ്പിലെ കപിൽ മോഹന്റെ അനന്തരവൻ അനിൽ ബാലിയും ഇന്ദിരയുടെ വിശ്വസ്തരായ "അനൗപചാരിക" സഹായികളിൽ ഒരാളുമാണ് ക്രമീകരണങ്ങൾ ചെയ്തിരുന്നത്.

“മുഖ്യമന്ത്രി രാം ലാൽ ഉൾപ്പെടെ ഹിമാചൽ പ്രദേശിലെ മുഴുവൻ സർക്കാർ സംവിധാനങ്ങളും അവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്ദിര വരുന്നില്ലെന്ന് കേട്ടപ്പോൾ പുരോഹിതൻ രൂക്ഷമായി പ്രതികരിച്ചു. ‘നിങ്ങൾ ഇന്ദിരാഗാന്ധിയോട് പറയൂ, ഇതാണ് ചാമുണ്ഡ. ഒരു സാധാരണ മനുഷ്യന് വരാൻ സാധിച്ചില്ലെങ്കിൽ അമ്മ ക്ഷമിക്കും. എന്നാൽ ഭരണാധികാരി അനാദരവ് കാണിച്ചാൽ ദേവി ക്ഷമിക്കില്ല. ഭരണാധികാരിക്ക് ദേവിയെ അപമാനിക്കാൻ കഴിയില്ല.” എന്ന് പുരോഹിതൻ പറഞ്ഞതായി പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

അടുത്ത ദിവസം സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരണമടഞ്ഞു. അനിൽ ബാലി ഡൽഹിയിലേക്ക് കുതിച്ചു, പുലർച്ചെ 2.30 ന് ഇന്ദിരയുടെ വസതിയിൽ എത്തിയപ്പോൾ ഇന്ദിര, സഞ്ജയിന്റെ മൃതദേഹത്തിനരികിലായിരുന്നു. "ഞാൻ ചാമുണ്ഡയിലേക്ക് പോകാത്തതുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ?" അവർ, ബാലിയോട് ചോദിച്ചു, എന്ന് പുസ്തകത്തിൽ പറയുന്നു.

Advertisment
publive-image
1982ൽ സഞ്ജയ് ഗാന്ധിയുടെ സ്മാരകമായ ശാന്തിവനത്തിൽ ആദരവ് അർപ്പിക്കുന്ന ഇന്ദിര ഗാന്ധി

ആ വർഷം ഡിസംബർ 13ന് ഇന്ദിര ചാമുണ്ഡയിലേക്ക് പോയി. പൂജ നടത്തുമ്പോൾ പൂജാരിയുടെ കൈകൾ വിറച്ചു. "ഞാൻ ഒരു ഉറച്ച ഹിന്ദുവാണ്. അവർ പൂർണഹൂതിക്കുള്ള മന്ത്രങ്ങൾ ചൊല്ലുന്ന രീതി, ശ്രീകോവിലിൽ കയറുമ്പോൾ തല കുനിക്കുന്നത്, കാളീ പൂജയ്ക്ക് വണങ്ങുമ്പോഴും എല്ലാം ഇന്ദിര അതതിന്റെ പൂർണതയോടെ ചെയ്തു. ഇന്ദിര കരഞ്ഞു. കരയുകമാത്രം ചെയ്തു."

സഞ്ജയിന്റെ പേരിൽ ചാമുണ്ഡയിൽ ഒരു ഘാട്ട് നിർമ്മിക്കുമെന്ന് ഇന്ദിര ഉറപ്പുവരുത്തി. "അതിനായി ചെലവായ 80 ലക്ഷം രൂപ , പിന്നീട് കേന്ദ്ര മന്ത്രിയായ കോൺഗ്രസ് നേതാവായിരുന്ന സുഖ് റാമാണ് വഹിച്ചത്..” ബാലി പറഞ്ഞു.

രാജീവ് ഗാന്ധിയും ആർഎസ്എസ്സും

ആർഎസ്എസ് പലതവണ ഇന്ദിരയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെ ങ്കിലും അടിയന്തരാവസ്ഥക്കാലത്തോ അതിന് ശേഷമോ അതിന്റെ നേതാക്കളെ കാണാൻ അവർ വിസമ്മതിച്ചു. എന്നാൽ, 1982-ൽ, തന്റെ സർക്കാരിന്റെ കാലാവധി പകുതിയായപ്പോൾ, ആർഎസ്എസ് മേധാവി ബാലാസാഹേബ് ദേവരസിന്റെ സഹോദരൻ ഭാവ്‌റാവു ദേവരസിനെ കാണാനും അദ്ദേഹവുമായി സംഭാഷണം ആരംഭിക്കാനും അവർ രാജീവ് ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് പുസ്തകത്തിൽ പറയുന്നു. കപിൽ മോഹനാണ് ഈ കൂടിക്കാഴ്ചകൾ ഒരുക്കിയത്. ആർഎസ്‌എസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതല ഭാവ്‌റാവുവിനാ യിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1982- നും 1984 നും ഇടയിൽ മൂന്ന് തവണ രാജീവ് ഗാന്ധി ഭാവ്‌റാവുവുമായി കൂടിക്കാഴ്ച നടത്തി. 1991-ന്റെ തുടക്കത്തിൽ, രാജീവ് ഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായപ്പോഴും രാജീവ് ഭാവ്‌റാവുവിനെ വീണ്ടും കണ്ടു. 1982 സെപ്റ്റംബറിൽ കപിൽ മോഹന്റെ 46, പൂസാ റോഡിലെ വസതിയിൽ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. മോഹനും ഭാവ്‌റാവുവുമായുള്ള സൗഹൃദം വർഷങ്ങൾ നീണ്ടതായിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയും പൂസ റോഡിലെ വസതിയിലും മൂന്നാമത്തേത് അനിൽ ബാലിയുടെ ഫ്രണ്ട്സ് കോളനിയിലെ വസതിയിലും നടന്നു. നാലാമത്തെ കൂടിക്കാഴ്ച 10, ജൻപഥിലുമാണ് നടന്നത്,”എന്ന് പുസ്തകത്തിൽ പറയുന്നു.

ബാലിയുടെ അഭിപ്രായത്തിൽ, ഈ കൂടിക്കാഴ്ചകൾ സജ്ജീകരിച്ചതിിലെ പ്രധാനി ഇന്ദിരാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം എൽ ഫൊത്തേദാർ ആയിരുന്നു. 1985-87 കാലഘട്ടത്തിൽ (ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷവും രാജീവ് പ്രധാനമന്ത്രിയായിരുന്നപ്പോഴും) രാജീവ് ഗാന്ധിയിൽ ഹൈന്ദവ സ്വാധീനം ചെലുത്തിയ ഒരാൾ ഉണ്ടായിരുന്നെങ്കിൽ അത് ഫൊത്തേദാർജി ആയിരുന്നു. ‘തീൻമേശയിലിരുന്ന് ഇതിനെ കുറിച്ച് (ആർഎസ്എസുമായുള്ള ചർച്ച) സംസാരിക്കരുതെന്ന് രാജീവിനോട് പറയുക. സോണിയ്ക്ക് ആർ എസ് എസ്സിനോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് (ഇന്ദിരയ്ക്ക്) അറിയാമായിരുന്നു.

"പ്രധാനമന്ത്രിയായ ശേഷം രാജീവ് ഗാന്ധി ഭാവ്‌റാവുവിനെ നേരിട്ട് കണ്ടിട്ടില്ല. എങ്കിലും അവരുടെ ബന്ധം തുടർന്നു. ദൂരദർശനിൽ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ സംപ്രേഷണം ചെയ്യാനുള്ള തടസ്സങ്ങൾ നീക്കണമെന്ന് അദ്ദേഹത്തിന്റെ സർക്കാരിന്റെ കാലാവധിയുടെ പകുതിയിൽ, ആർഎസ്എസ്, രാജീവിനോട് അഭ്യർത്ഥിച്ചിരുന്നു- ആർഎസ്എസിന്റെ ആവശ്യം രാജീവ് ഉന്നയിച്ചപ്പോൾ എച്ച് കെ എൽ ഭഗത്ത് പരിഭ്രാന്തനായി; അത് പണ്ടോറ പെട്ടി തുറക്കുമെന്നും ബിജെപി-വിഎച്ച്പി-ആർഎസ്എസ് നയിക്കുന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പിന്നീട്, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ എച്ച് കെ എൽ ഭഗത്ത് രാജീവിന് മുന്നറിയിപ്പ് നൽകി. എന്നാൽ, ഭഗത്തിന്റെ ആശങ്കകൾ രാജീവ് ഗാന്ധി മുഖവിലയ്ക്കെടുത്തില്ല.

ഷാബാനോ വിഷയത്തിൽ രാജീവിനോട് സോണിയയുടെ എതിർപ്പ്

ഷാ ബാനോ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ നിരാകരിക്കാനുള്ള ബിൽ കൊണ്ടുവരാനുള്ള രാജീവ് ഗാന്ധി സർക്കാരിന്റെ തീരുമാനത്തിലേക്ക് നയിച്ചതും തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്നും മുമ്പ് അറിയപ്പെടാത്ത നിരവധി വിശദാംശങ്ങൾ പുസ്തകം വെളിപ്പെടുത്തുമ്പോൾ, ഒരു സംഭവം വേറിട്ടുനിൽക്കുന്നു.

"രാജീവ്, ഈ മുസ്‌ലിം വനിതാ ബില്ലിനെക്കുറിച്ച് നിങ്ങൾക്ക് എന്നെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ എങ്ങനെ രാജ്യത്തെ ബോധ്യപ്പെടുത്തും?' എന്ന് സോണിയ രാജീവിനോട് ചോദിച്ചതായി രാജീവിന്റെ അടുപ്പക്കാരിലൊരാളായിരുന്ന മുൻ കോൺഗ്രസ് നേതാവായിരുന്ന പിന്നീട് എൻസിപിയിലെത്തിയെ ഡി പി ത്രിപാഠി പറഞ്ഞു. “നിങ്ങൾ സുപ്രീം കോടതി വിധിയിൽ ഉറച്ചു നിൽക്കണം,” എന്ന് രാജീവനോട് സോണിയ ആവശ്യപ്പെട്ടു “ സോണിയ എന്റെ സാന്നിധ്യത്തിലാണ് അത് പറഞ്ഞത്,” എന്ന് പരേതനായ ത്രിപാഠിയെ പുസ്തകത്തിൽ ഉദ്ധരിക്കുന്നു.

publive-image
രാജീവിന്റെ സുഹൃത്തായിരുന്നു അരുൺ നെഹ്റു | Photo: Express Archive

ബൊഫോഴ്‌സ് ‘ചോർച്ച’യ്ക്ക് പിന്നിലെ സുഹൃത്ത്

ബൊഫോഴ്‌സ് അഴിമതിയാണ് രാജീവിന്റെ പതനത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ബന്ധുവായ അരുൺ നെഹ്‌റു അദ്ദേഹത്തിൽ ചെലുത്തിയിരുന്ന സ്വാധീനം പരക്കെ അറിയപ്പെട്ടിരുന്ന കാര്യമാണ്. . ഇവരുടെ വേർപിരിയലിന് ഉത്തരവാദി സോണിയയാണെന്ന് അരുൺ കരുതി. 1986 ഒക്ടോബറിൽ നടന്ന പുനഃസംഘടനയിൽ രാജീവ് ഗാന്ധി, അരുൺ നെഹ്രുവിനെ മന്ത്രിസ്ഥാനത്ത് നിന്നൊഴുവാക്കി ഒഴിവാക്കി.

"സത്യപ്രതിജ്ഞയ്ക്ക് ശേഷം, അസ്വസ്ഥനായ രാജീവ്, ഫൊത്തേദാറിനോട് തനിക്കൊപ്പം റേസ് കോഴ്‌സ് റോഡിലേക്ക് വരാൻ ആവശ്യപ്പെട്ടു. "രാജീവ്ജി പിരിമുറുക്കത്തിലായിരുന്നു," എന്ന് ഫൊത്തേദാർ പറഞ്ഞു. കാർ റേസ് കോഴ്‌സ് റോഡിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ക്യാപ്റ്റൻ സതീഷ് ശർമ്മയും പോർട്ടിക്കോയിൽ കാത്തുനിൽക്കുന്നത് അവർ കണ്ടു. സോണിയയുടെ മുഖത്ത് വിടർന്ന പുഞ്ചിരി ഉണ്ടായിരുന്നു. ‘അരുൺ നെഹ്‌റുവിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി,’ ഫൊത്തേദാർ പിന്നീട് പറഞ്ഞതായി,” പുസ്തകത്തിൽ വായിക്കാം.

"അരുൺ നെഹ്‌റു. അവസരം കാത്തിരിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പിന് ശേഷം മാത്രമാണ് അദ്ദേഹം തിരിച്ചടിച്ചത് -അത് ഒരു വർഷത്തിന് ശേഷം 1987-ലായിരുന്നു. ബോഫോഴ്സിലെ ഒരു മുൻ ജീവനക്കാരൻ നൽകിയ രേഖകളെ അടിസ്ഥാനമാക്കി സ്വീഡിഷ് റേഡിയോ ഒരു പ്രോഗ്രാം ചെയ്തു. ബോഫോഴ്സ് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് കൈക്കൂലി നൽകി എന്നതായിരുന്നു പ്രോഗ്രാമിലെ ഉള്ളക്കം. ‘ബോഫോഴ്‌സ് കഥ സ്വീഡിഷ് റേഡിയോയ്ക്ക് ചോർത്തി നൽകിയത് അരുൺ നെഹ്‌റുവാണ്,’ ‘ഞങ്ങൾക്കത് അറിയാമായിരുന്നു.’” എച്ച്.ആർ.ഭരദ്വാജ് എന്നോട് (നീരജ ചൗധരി) പറഞ്ഞു. എന്നും പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

publive-image
 ബാബറി മസ്ജിദ് തകർക്കലിലേക്ക് നയിച്ച സംഭവങ്ങളെ പുസ്തകം പ്രതിപാദിക്കുന്നു | Photo: Express Archive

ബാബറിമസ്ജിദ് തകർക്കലും റാവുവിന്റെ അയോധ്യ ക്ഷേത്ര ആഗ്രഹവും

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ ക്രമാനുഗതമായും വിശദമായും ഈ പുസ്തകം രേഖപ്പെടുത്തുന്നു.

ബാബറി മസ്ജിദ് തകർത്ത സംഭവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം പ്രശസ്ത പത്രപ്രവർത്തകനായിരുന്ന നിഖിൽ ചക്രവർത്തി റാവുവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു.

“ഡിസംബർ ആറിന് പന്ത്രണ്ട് മണിക്ക് ശേഷം നിങ്ങൾ പൂജ നടത്തുകയായിരുന്നുവെന്ന് ഞാൻ കേട്ടു,” നിഖിൽ ചക്രവർത്തി റാവുവിനെ കളിയാക്കി. ചൂളിപ്പോയ റാവു ചക്രവർത്തിക്ക് നേരെ തിരിച്ചടിച്ചു: ദാദാ, എനിക്ക് രാഷ്ട്രീയം അറിയില്ലെന്ന് നിങ്ങൾ കരുതുന്നോ. ഞാൻ ജനിച്ചത് രാഷ്ട്രീയത്തിലാണ്. ഞാൻ ഇന്നുവരെ രാഷ്ട്രീയത്തിൽ മാത്രമാണ് ജീവിക്കുന്നത്. എന്ത് സംഭവിച്ചോ, നല്ലതിനായി സംഭവിച്ചു.ബിജെപിയുടെ ക്ഷേത്ര രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതിനാൽ ഞാൻ അത് അനുവദിച്ചു ”

രാംലല്ലയുടെ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നരസിംഹ റാവു വ്യക്തമാക്കിയതായി അയോധ്യ സെല്ലിന്റെ തലവനായ നരേഷ് ചന്ദ്രയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന മുൻ സിഐഎസ്‌എഫ് ഡിഐജിയും ഐപിഎസ് ഓഫീസറുമായ കിഷോർ കുനാലിനെ ഉദ്ധരിച്ച് പുസ്തകത്തിൽ പറയുന്നു .

"വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ നരസിംഹ റാവു തന്നെ ആഗ്രഹിച്ചിരുന്നു എന്നതാണ് വസ്തുത" എന്ന് പൊലീസ് ഓഫീസർ കിഷോർ കുനാൽ എന്നോട് പറഞ്ഞു. മസ്ജിദ് നിലനിന്നിരുന്നിടത്ത് ഒരു ക്ഷേത്രം നിർമ്മിക്കാനായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ അദ്ദേഹം തന്റെ മാധ്യമ ഉപദേഷ്ടാവായ പി വി ആർ കെ പ്രസാദിനോട് നിർദ്ദേശിച്ചു.

“ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള ഞായറാഴ്ച (1992 ഡിസംബർ 13) പ്രസാദ്, റാവുവിനെ കാണാൻ പോയിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയെ ഏകനായും ചിന്താനിമഗ്നനായ മാനസികാവസ്ഥയിലുമാണ് കണ്ടത്. ‘നമുക്ക് ബിജെപിയോട് പോരാടാം, പക്ഷേ നമുക്ക് എങ്ങനെ രാമനോട് പോരാടാനാകും?’ അദ്ദേഹം ചിന്താകുലനായി പ്രസാദിനോട് ചോദിച്ചു. ‘കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്ന് പറയുമ്പോൾ നമ്മൾ നിരീശ്വരവാദികളാണെന്ന് അർത്ഥമാക്കുന്നില്ല,’ അദ്ദേഹം തുടർന്നു. ‘അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന വ്യാജേന ശ്രീരാമന്റെ കുത്തക കൈവശമാക്കി ആളുകളെ കബളിപ്പിക്കുന്നതിനെ അവർ (ബിജെപി) എത്രകാലം ന്യായീകരിക്കും?’

publive-image
പൊഖ്‌റാനിലെ ആണവ പരീക്ഷണങ്ങൾക്കു ശേഷം ന്യൂ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി | Photo: Express Archive

ആണവ പരീക്ഷണങ്ങളെ എതിർത്ത വാജ്‌പേയി

അടൽ ബിഹാരി വാജ്‌പേയിയുടെ പ്രധാനമന്ത്രിപദത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായി പറയപ്പെടുന്നതാണ് 1998 മെയ് മാസത്തിൽ, പൊഖ്‌റാനിൽ ഇന്ത്യ വിജയകരമായി നടത്തിയ ആണവപരീക്ഷണം. എന്നാൽ 1979ൽ മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ വാജ്‌പേയി ആണവ പരീക്ഷണത്തെ എതിർത്തിരുന്നു.

പ്രധാനമന്ത്രി മൊറാർജി ദേശായി, തന്റെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം, ധനമന്ത്രി ചരൺ സിങ്ങും, ആഭ്യന്തര മന്ത്രി എച്ച് എം പട്ടേൽ, വാജ്പേയി എന്നിവരുമായി 1979 ഏപ്രിലിൽ, കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആ സാഹചര്യത്തിൽ ആണവ പരിപാടി സംബന്ധിച്ച് സർക്കാർ എന്തുചെയ്യണമെന്ന് ചർച്ച ചെയ്യണമെന്നും മൊറാർജി അവരെ അറിയിച്ചു.

സംയുക്ത രഹസ്യാന്വേഷണ സമിതി അധ്യക്ഷൻ കെ.സുബ്രഹ്മണ്യം സമർപ്പിച്ച രഹസ്യ റിപ്പോർട്ടാണ് പ്രധാനമന്ത്രി മൊറാർജിയെ ആശങ്കയിലാക്കിയത്. പാകിസ്ഥാൻ ബോംബ് സ്വന്തമാക്കുന്നതിലെ അന്തിമഘട്ടത്തിലാണെന്ന് - ബോംബിൽ നിന്ന് ഒരു സ്ക്രൂഡ്രൈവർ മാത്രം അകലെയാണെന്ന് -സുബ്രഹ്മണ്യം പറഞ്ഞിരുന്നു. സിസിപിഎ യോഗത്തിൽ മന്ത്രിമാരെ കൂടാതെ രണ്ട് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി സേഥ്നയും കാബിനറ്റ് സെക്രട്ടറി നിർമൽ മുഖർജിയും

ഇന്ത്യ ആണവ ശ്രമങ്ങളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രിമാരുടെ ഉന്നതതലയോഗം തീരുമാനിച്ചെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നില്ല. മൊറാർജിയും വാജ്‌പേയിയും മുന്നോട്ടുപോകുന്നതിന് എതിരായിരുന്നുവെന്ന് എച്ച്‌എം പട്ടേലും ജഗ്ജീവൻ റാമും ചരൺസിങ്ങും അനുകൂലമായിരുന്നു വെന്നും. സുബ്രഹ്മണ്യം പിന്നീട് എന്നോട് സ്ഥിരീകരിച്ചു. എന്നും പുസ്തകത്തിൽ പറയുന്നു.

സിസിപിഎ യോഗത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞ് സുബ്രഹ്മണ്യം വാജ്‌പേയിയോട് ചോദിച്ചു. ‘ അങ്ങേയ്ക്ക് എങ്ങനെയാണ് അതിനെ എതിർക്കാൻ കഴിഞ്ഞത്?’ ‘അങ്ങ് എല്ലാക്കാലത്തും അതിന് വേണ്ടിയായിരുന്നില്ലേ നിലകൊണ്ടത്.’ സുബ്രഹ്മണ്യം ചോദിച്ചു. ‘ഇല്ല, ഇല്ല, ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം പാകിസ്ഥാനെ ബോംബ് നിർമിക്കുന്നതിൽ നിന്ന് തടയുക എന്നതാണ്,’ ‘നമ്മൾ അവരെ പ്രകോപിപ്പിക്കരുത്.’.വാജ്‌പേയി പ്രതിരോധസ്വരത്തിൽ മറുപടി നൽകി. എന്നും പുസ്തകത്തിൽ പറയുന്നു.

publive-image
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും | Photo: Express Archive

പ്രധാനമന്ത്രി പദം വേണ്ട: സോണിയയ്ക്ക് രാഹുലിന്റെ താക്കീത്

2004 മെയ് 17 ന് ഉച്ചയ്ക്ക് ജൻപഥിൽ 10 മണിക്ക് നടന്ന ഒരു മീറ്റിങ്ങിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുസ്തകം വെളിപ്പെടുത്തുന്നു. കെ നട്‌വർ സിംഗ് പറയുന്നതനുസരിച്ച്, താൻ എത്തുമ്പോൾ സോണിയയും പ്രിയങ്കാ ഗാന്ധിയും മൻമോഹൻ സിങ്ങും മുറിയിൽ ഉണ്ടായിരുന്നു.

“സോണിയ അവിടെ സോഫയിൽ ഇരിക്കുകയായിരുന്നു. മൻമോഹൻ സിങ്ങും പ്രിയങ്കയും അവർക്കൊപ്പമുണ്ടായിരുന്നു. സോണിയാ ഗാന്ധി വ്യഥിതയായിരുന്നു. അപ്പോൾ രാഹുൽ ഗാന്ധി വന്നു ഞങ്ങളുടെ എല്ലാവരുടെയും മുമ്പിൽ വച്ച് പറഞ്ഞു, ‘ഞാൻ നിങ്ങളെ പ്രധാനമന്ത്രിയാകാൻ അനുവദിക്കില്ല. എന്റെ അച്ഛൻ കൊല്ലപ്പെട്ടു, എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. ആറുമാസത്തിനുള്ളിൽ നിങ്ങളും കൊല്ലപ്പെടും.

താൻ പറയുന്നത് സോണിയ അനുസരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. 'ഇത് സാധാരണ ഭീഷണിയായിരുന്നില്ല,' നട്‌വർ സിങ് ഓർമ്മിച്ചു, 'രാഹുൽ ഇച്ഛാശക്തിയുള്ള വ്യക്തിയാണ്. തീരുമാനമെടുക്കാൻ അദ്ദേഹം സോണിയയ്ക്ക് 24 മണിക്കൂർ സമയം നൽകി.

തന്റെ അമ്മയെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെ സോണിയ കണ്ണീരിൽ കുതിർന്നിരുന്നു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സോണിയയും വാജ്‌പേയിയും സംസാരിച്ചതായി പുസ്തകത്തിൽ പറയുന്നു. "വാജ്‌പേയി, സോണിയയെ അഭിനന്ദിച്ചു, 'നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആശീർവാദം ഉണ്ട്' എന്ന് വാജ്പേയി പറഞ്ഞു. തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, "ആ സമ്മാനം ( പ്രധാനമന്ത്രി പദവി) സ്വീകരിക്കരുത്. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തെ വിഭജിക്കുന്നതിലേക്കും സിവിൽ സർവീസുകളുടെ വിശ്വസ്തതയെ തകർക്കുന്നതിലേക്കും ചെന്നെത്തും."

Bjp Sonia Gandhi Atal Bihari Vajpayee Rajiv Gandhi Indira Gandhi Congress Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: