scorecardresearch

കലഹിക്കുന്ന ജഡ്‌ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യത്തിന്റെ കാവലാളുകള്‍: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

‘നിയമസംവിധാനം എന്നത് മടിയനായ പണിക്കാരന്‍ തന്റെ പണിയായുധത്തെ കുറ്റപ്പെടുത്തുന്ന സംവിധാനമല്ല, മറിച്ച് പണിയായുധം ഇല്ലാത്ത പണിക്കാരനാണ് നിയമസംവിധാനം’ – ഗോഗോയ്

കലഹിക്കുന്ന ജഡ്‌ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യത്തിന്റെ കാവലാളുകള്‍: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: ശബ്ദം ഉയര്‍ത്തുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യത്തിന്റെ പ്രഥമ കാവലാളുകളെന്ന് സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജി രഞ്ജന്‍ ഗോഗോയ്. സമൂഹത്തിലെ മാറ്റങ്ങളോട്​ പ്രതികരിക്കുന്ന ജുഡീഷ്യറി സംവിധാനം നിലനില്‍ക്കാന്‍ നവീകരണങ്ങള്‍ മാത്രമല്ല ഒരു വിപ്ലവം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നീതിയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിന്റെ മൂന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നീതിന്യായ വകുപ്പാണ് പ്രത്യാശയുടെ അവസാന കേന്ദ്രം. നിയമസംവിധാനത്തിന്റെ ശക്തിയും ധര്‍മ്മവും മലിനമാകാതെ സംരക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നിലനില്‍ക്കേണ്ടതുണ്ട്. സ്വതന്ത്ര ജഡ്ജിമാരും ശബ്ദം ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യത്തിന്റെ പ്രതിരോധക്കാര്‍. ജനാധിപത്യത്തിന്റെ മരണവാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചവയാണ്. പക്ഷെ സര്‍ക്കാരിന്റെ മോശം ചട്ടക്കൂടുകള്‍ സ്ഥാപിക്കപ്പെട്ടാല്‍, ജനാധിപത്യം അപകടത്തിലാണ്. അതിന് പ്രതിരോധക്കാരെ ആവശ്യമായി വരും’, ഇന്‍ഡ്യന്‍ എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ച ദി എക്കണോമിക്സിന്റെ ‘എങ്ങനെയാണ് ഡെമോക്രസി മരിക്കുന്നത് (How Democracy Dies)’ എന്ന ലേഖനത്തിന്റെ വാചകങ്ങള്‍ ഉദ്ദരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
‘ഇതിനോട് ഞാന്‍ യോജിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചെറിയൊരു മാറ്റം ഞാന്‍ നിർദ്ദേശിക്കുകയാണ്. സ്വതന്ത്ര ജഡ്ജിമാരും ശബ്ദം ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരും മാത്രമല്ല, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ശബ്ദം ഉണ്ടാക്കുന്ന ജഡ്ജിമാരുമാണ് വേണ്ടത്’, ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

Read In English: Needed: Noisy judges, independent journalists, judiciary on front foot, says Justice Ranjan Gogoi at RNG Lecture

‘ആത്മപരിശോധനയില്‍ നിന്നാണ് ആരംഭിക്കേണ്ടത്. നമുക്ക് ഭാവിയിലെങ്കിലും അവിടെ നിന്ന് തുടക്കം കുറിക്കാമെന്ന് പ്രതീക്ഷ വയ്ക്കാം. നിയമസംവിധാനത്തില്‍ സമൂഹത്തിനുളള വിശ്വാസം വലുതാണ്. അതാണ് ജുഡീഷ്യറിക്ക് വിശ്വാസ്യതയും നിയമസാധുതയും നല്‍കുന്നത്’, ഗോഗോയ് പറഞ്ഞു. രാജ്യതാല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്നും സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണെന്നും സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്നും കുറ്റപ്പെടുത്തി ജനുവരിയില്‍ ഗോഗോയ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

സുപ്രീം കോടതി സഹപ്രവര്‍ത്തകരായ മധന്‍ ബി.ലോക്കൂര്‍, ജസ്റ്റിസ് ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരും അന്ന് കൂടെ ഉണ്ടായിരുന്നു. സുപ്രീം കോടതിയിൽ നടക്കുന്ന ചില കാര്യങ്ങളിൽ അപാകതയുണ്ടെന്ന് കാണിച്ച് ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസിന് അയച്ച കത്തും അന്ന് വെളിപ്പെടുത്തി.

‘നീതിയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തെ കുറിച്ച് തത്വശാസ്ത്രവും പ്രായോഗികതാവാദവും ചേര്‍ത്തായിരുന്നു ഗോഗോയുടെ പ്രഭാഷണം. ‘നിയമസംവിധാനം എന്നത് മടിയനായ പണിക്കാരന്‍ തന്റെ പണിയായുധത്തെ കുറ്റപ്പെടുത്തുന്ന സംവിധാനമല്ല, മറിച്ച് പണിയായുധം ഇല്ലാത്ത പണിക്കാരനാണ് നിയമസംവിധാനം’ എന്നും ഗോഗോയ് പറഞ്ഞു. ‘ഫ്രഞ്ച് എഴുത്തുകാരന്റെ വാക്കുകള്‍ പോലെ ‘എല്ലാം പറഞ്ഞു കഴിഞ്ഞു, പക്ഷെ ആരും ഒന്നും കേട്ടില്ല, നമ്മള്‍ വീണ്ടും ആദ്യം മുതല്‍ പറഞ്ഞ് തുടങ്ങണം’, നേതൃസ്ഥാനത്ത് ഉള്ളവരോട് എനിക്കൊന്നേ പറയാനുളളൂ, ആദ്യം കേള്‍ക്കുകയാണ് വേണ്ടത്. എങ്കില്‍ നമുക്ക് വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വരില്ല’, ഗോഗോയ് പറഞ്ഞു.

Read More: വിഷൻ ഓഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ രാംനാഥ് ഗോയങ്ക ലക്ചറിന്റെ പൂർണരൂപം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Needed noisy judges independent journalists judiciary on front foot says justice ranjan gogoi at rng lecture