മുംബൈ: മഹാരാഷ്ട്രയിൽ​ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ, പാർട്ടി വിടുമെന്ന സൂചനയുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുൻ ഉപ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകളുമായ പങ്കജ മുണ്ഡെ. പങ്കജ മുണ്ഡെയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പാർട്ടി വൃത്തങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. അതോടൊപ്പം ട്വിറ്റർ ബയോയിൽ നിന്നും ബിജെപി ബന്ധം എടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ ഭാവി യാത്ര തീരുമാനിക്കേണ്ടതുണ്ടെന്ന് ഞായറാഴ്ച ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ മുണ്ഡെ പറഞ്ഞു. “സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുള്ള വഴിയെക്കുറിച്ച് ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. എനിക്ക് എന്നോടു തന്നെ ആശയവിനിമയം നടത്താൻ 8-10 ദിവസം സമയം ആവശ്യമാണ്. ”

ഡിസംബർ 12ന് നടക്കാനിരിക്കുന്ന യോഗത്തിലേക്ക് പങ്കജ മുണ്ഡെ അനുയായികളെ ക്ഷണിച്ചിട്ടുണ്ട്. “എന്താണ് അടുത്തതായി ചെയ്യേണ്ടത്? ഏതു വഴി തിരഞ്ഞെടുക്കണം? എന്താണ് നമുക്ക് ആളുകൾക്ക് നൽകാൻ സാധിക്കുക? നമ്മുടെ ശക്തി എന്താണ്? ആളുകളുടെ പ്രതീക്ഷകൾ എന്താണ്? ഈ വശങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുകയും ഡിസംബർ 12 ന് നിങ്ങളുടെ മുമ്പാകെ വരികയും ചെയ്യും,” മുണ്ഡെ പറഞ്ഞു.

കഴിഞ്ഞ സർക്കാരിൽ പ്രാദേശിക വനിതാ-ശിശുക്ഷേമ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുണ്ഡെയെ സംബന്ധിച്ചിടത്തോളം, ഈ തിരഞ്ഞെടുപ്പ് ഒരു എം‌എൽ‌എയെന്ന നിലയിൽ അവരുടെ ട്രാക്ക് റെക്കോർഡിന്റെ ആദ്യ പരീക്ഷണം കൂടിയായിരുന്നു. 2014 ൽ, ഗോപിനാഥ് മുണ്ഡെയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് സഹതാപ തരംഗം ഉയർന്നിരുന്നു.

പങ്കജ മുണ്ഡെ ബിജെപിക്കൊപ്പം തുടരണമെന്നും ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണമായി ബിജെപി മഹാരാഷ്ട്ര ഔദ്യോഗിക വക്താവ് പറഞ്ഞു.

“ഞാൻ പങ്കജ മുണ്ഡെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചിരുന്നു. പങ്കജ ബിജെപിയിൽ തുടരുന്നതിൽ സന്തുഷ്ടയല്ലെന്ന് അതിൽ എവിടെയും സൂചനയില്ല. ബിജെപിയുടെ കോർ കമ്മിറ്റി യോഗങ്ങളിൽ അവർ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ബിജെപി കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ ഗോപിനാഥ് മുണ്ഡെയുടെ മകളാണ് പങ്കജ,” അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 105 എം‌എൽ‌എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.  അധികാരം പങ്കിടുന്നത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു പുറത്തുവന്ന ശിവസേന എതിരാളികളായ എൻ‌സി‌പി, കോൺഗ്രസ് എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. 288 അംഗ നിയമസഭയിൽ 169 എം‌എൽ‌എമാരുടെ പിന്തുണയോടെ ത്രികക്ഷി സർക്കാർ ശനിയാഴ്ച വിശ്വാസ വോട്ട് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook