/indian-express-malayalam/media/media_files/uploads/2022/11/TN-Seshan.jpg)
ടി എന്‍ ശേഷന്‍
ന്യൂഡല്‍ഹി: ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) സ്വയം ചൂഷണം ചെയ്യാന്‍ അനുവദിക്കാത്തതും വ്യക്തിത്വമുള്ള ഒരാളുമായിരിക്കണമെന്ന് സുപ്രീം കോടതി. അന്തരിച്ച മുന്‍ സിഇസി ടി എന്‍ ശേഷനെപ്പോലുള്ള വ്യക്തികള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. “നിഷ്പക്ഷത” ഉറപ്പാക്കുന്നതിനായി നിയമന സമിതിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്ന ആശയവും കോടതി മുന്നോട്ടുവച്ചു.
സിഇസിയുടെയും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും "ദുർബലമായ തോളിൽ" വിപുലമായ അധികാരങ്ങൾ ഭരണഘടന നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
"വ്യക്തിത്വമുള്ള ഒരാളെയാണ് പ്രധാനമായും ആവശ്യം. സ്വയം ചൂഷണപ്പെടാന്‍ അനുവദിക്കാത്ത ഒരാള്‍. ഈ വ്യക്തിയെ ആര് നിയമിക്കുമെന്നതാണ് പ്രധാന ചോദ്യം. നിയമന സമിതിയില്‍ ചീഫ് ജസ്റ്റസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ കടന്നുകയറ്റത്തിന്റെ സാധ്യതകള്‍ കുറയുന്നു. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം തന്നെ എല്ലാം സുതാര്യമാണെന്ന സന്ദേശം നല്‍കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഏറ്റവും നല്ല വ്യക്തിയെയാണ് നമുക്ക് ഇവിടെ ആവശ്യം," കോടതി പറഞ്ഞു.
“നിരവധി സിഇസി കൾ ഉണ്ടായിട്ടുണ്ട്, ടി എൻ ശേഷനെ പോലെയുള്ളവര്‍ ഇടയ്ക്ക് മാത്രം സംഭവിക്കുന്നതാണ്,” ബെഞ്ച് ചൂണ്ടിക്കാണിച്ചു. മുൻ കാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷൻ 1990 ഡിസംബർ 12-നാണ് തിരഞ്ഞെടുപ്പ് പാനലിലേക്ക് നിയമിതനായത്. 1996 ഡിസംബർ 11 വരെ സ്ഥാനത്ത് തുടര്‍ന്നു. 2019 നവംബർ പത്തിനായിരുന്നു അദ്ദേഹം അന്തരിച്ചത്.
'ദി ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണർ ആക്ട്, 1991' പ്രകാരം ആറ് വർഷമാണ് സിഇസിയുടെ കാലാവധിയെങ്കിലും 2004 മുതൽ ഒരു സിഇസിയും കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണ്ടി.
സിഇസിക്ക് 65 വയസ് തികയുകയാണെങ്കിൽ, ആറ് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം വിരമിക്കും. “ജനന തീയതി അറിയാവുന്നതിനാൽ, നിയമിക്കപ്പെടുന്നയാൾക്ക് ആറ് വർഷം മുഴുവൻ ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. ഈ പ്രവണത തുടരുകയാണ്,” ബെഞ്ച് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 324-ാം അനുച്ഛേദം അത്തരം നിയമനങ്ങൾക്കുള്ള നടപടിക്രമങ്ങൾക്കായി ഒരു നിയമം കൊണ്ടുവരാൻ വിഭാവനം ചെയ്തിട്ടുണ്ടെന്നും എന്നാൽ സർക്കാർ ഇതുവരെ ഇത് ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അഭാവത്തിൽ ഭരണഘടനയുടെ മൗനം എല്ലാവരും ചൂഷണം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.